ആലപ്പുഴ നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പടക്കം പൊട്ടിച്ചാഘോഷിച്ചതിന് സിപിഎം – ബിജെപി സംഘർഷം. സംഘർഷത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് 9 തുന്നിക്കെട്ടുകളാണ് രാംജിത്തിനുള്ളത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പത്താം വാർഡിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർഥിയുടെ വീട്ടിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ സംഘർഷം.
എന്നാൽ തങ്ങളുടെ ഭാഗത്തു തെറ്റ് ഇല്ലെന്നും സിപിഎം സ്ഥാനാർഥിയും സമീപത്തെ വീട്ടുകാരുമായി ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ ചെന്നപ്പോൾ സിപിഎം നേതാക്കൾ എത്തുകയും പിന്നീട് സംഘർഷത്തിലേക്ക് പോവുകയുമായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
















