കിഫ്‌ബിയുടെ മസാല ബോണ്ട് വഴി വിദേശ ഫണ്ട് സമാഹരിച്ചതിൽ ‘ഫെമ’ (Foreign Exchange Management Act) നിയമലംഘനം കണ്ടെത്തിയെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ടിലെ തുടർനടപടികൾക്ക് ഹൈക്കോടതി നാലുമാസത്തേക്ക് സ്റ്റേ അനുവദിച്ചു. ഇതോടെ, മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും ഉൾപ്പെടെ സംസ്ഥാന സർക്കാരിനും കിഫ്ബിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
ഇ.ഡി. റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കിഫ്‌ബി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ, കേസിൽ വിശദമായ വാദം കേൾക്കേണ്ട കാര്യങ്ങളുണ്ടെന്ന് നിരീക്ഷിച്ചു. തുടർന്നാണ്, അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇ.ഡി. കൈമാറിയ റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ താത്കാലികമായി നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്. കിഫ്‌ബിക്കെതിരെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി അയച്ച കാരണം കാണിക്കൽ നോട്ടീസിലെ നടപടികളാണ് ഇപ്പോൾ നാലു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്.
ഈ സ്റ്റേ ഉത്തരവോടെ, കേസിന്റെ ഗൗരവകരമായ തുടർനടപടികളായ കാരണം കാണിക്കൽ നോട്ടീസിന് മുഖ്യമന്ത്രിയും തോമസ് ഐസക്കും കിഫ്‌ബിയും അടിയന്തരമായി മറുപടി നൽകേണ്ട ബാധ്യതയിൽ നിന്ന് താൽക്കാലികമായി ഒഴിവായി. കിഫ്‌ബിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ എതിർകക്ഷികളായ ഇ.ഡി. അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചു. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഹൈക്കോടതി കേസിൽ ഇനി വിശദമായി വാദം കേൾക്കുക.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ, കോടതിയുടെ ഈ സ്റ്റേ ഉത്തരവ് അഡ്ജുഡിക്കേറ്റീവ് അതോറിറ്റിയുടെ തുടർനടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ സ്റ്റേ അനുവദിക്കരുതെന്ന് അദ്ദേഹം ശക്തമായി വാദിച്ചെങ്കിലും ഹൈക്കോടതി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതും പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബി.ജെ.പി.യും കേരള സർക്കാരിനെതിരെ ആയുധമാക്കിയതുമായ കേസാണ് കിഫ്‌ബി മസാല ബോണ്ട് കേസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, സർക്കാരിനെ സമ്മർദത്തിലാക്കിയേക്കാവുന്ന ഒരു കേസിൽ നാലുമാസത്തെ സാവകാശം ലഭിച്ചത് ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
















