ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭഭബ’. മോഹൻലാൽ അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ദിലീപും മോഹൻലാലും എന്നിച്ചെത്തുന്ന ആദ്യ ഗാനം പുറത്തുവന്നു. ഗാനം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. ‘ചിലർക്ക് മകനാ, ചിലർക്ക് നൻപനാ, ഇടഞ്ഞ കൊമ്പനാ…’ എന്നാണ് ഗാനത്തിന്റെ വരികൾ. ‘വയലാർ എഴുതുമോ ഇതുപോലെ…, പാരഡി ആണെന്ന് തോന്നുന്നു.., ഇതിലും നല്ല ലിറിക്സ് സന്തോഷ് പണ്ഡിറ്റ് ചെയ്യും’..തുടങ്ങിയ കമന്റുകൾ ആണ് പാട്ടിന് വരുന്നത്.
ചിത്രത്തിന്റെ ഹൈപ്പ് കുറയ്ക്കാനാണോ ഇങ്ങനെയൊരു ഗാനം ഇറക്കിയത് എന്നും പ്രേക്ഷകർ ചോദിക്കുന്നു. അന്യഭാഷാ ചിത്രങ്ങളുടെ പാട്ട് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് പോലെ തോന്നുന്നു എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഗാനത്തിലെ ‘ആരാരും കൊതിക്കും, സാമ്രാജ്യം പടുക്കും, ആകാശം ഭരിക്കും, ആരുണ്ടെടാ തടുക്കാൻ’ എന്ന വരികളും വിമർശനത്തിന് വിധേയമാകുന്നുണ്ട്. ‘ലിയോ’ സിനിമയിലെ ‘നാ റെഡി താൻ’ എന്ന ഗാനത്തിനോട് സാമ്യം തോന്നുന്നതായും പലരും കുറിച്ചു.
ദിലീപ് പ്രധാന വേഷത്തിലെത്തുന്ന ‘ഭഭബ’യിലെ ‘അഴിഞ്ഞാട്ടം’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മോഹൻലാലിന്റെയും ദിലീപിന്റെയും ഡാൻസ് നമ്പറാണ് വിഡിയോയുടെ ഹൈലൈറ്റ്. ഗാനത്തിന്റെ ഹുക്ക് ലൈനിനൊപ്പം സിഗ്നേച്ചർ ചുവടു വയ്ക്കുന്ന ദിലീപിനേയും മോഹൻലാലിനെയും വിഡിയോയിൽ കാണാം. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് ഈണം പകർന്നിരിക്കുന്നത്. എം.ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും നിരഞ്ജ് സുരേഷും ചേർന്നാണ് ‘അഴിഞ്ഞാട്ടം’ ഗാനം ആലപിച്ചത്.
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭഭബ’ ഡിസംബർ 18ന് ആഗോള റിലീസായി എത്തും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന.
















