തിരുവനന്തപുരത്തെ പ്രശസ്തമായ ശംഖുംമുഖം കടൽത്തീരത്ത് കടൽക്ഷോഭം ചെറുക്കുന്നതിനും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമായി കൃത്രിമ തീരം നിർമ്മിക്കുന്നു. ഡയഫ്രം മതിൽ മുതൽ കൊട്ടാരത്തിന്റെ വടക്കേയറ്റം വരെയുള്ള 370 മീറ്റർ ദൂരത്താണ് 14 കോടി രൂപ ചെലവിൽ മേജർ ഇറിഗേഷൻ വകുപ്പ് ഈ സുപ്രധാന പദ്ധതി നടപ്പാക്കുന്നത്. നിലവിലെ റോഡിൽ നിന്ന് കടൽത്തീരത്തേക്ക് 12 മീറ്റർ വീതിയിലാകും പുതിയ തീരം രൂപപ്പെടുത്തുക. ഫെബ്രുവരി അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഈ കൃത്രിമ തീരത്തിന്റെ നിർമ്മാണത്തിന് ശാസ്ത്രീയമായ രീതിയാണ് അവലംബിക്കുന്നത്. എട്ടുമീറ്റർ ആഴത്തിൽ മണൽ നീക്കം ചെയ്ത ശേഷം ഏറ്റവും അടിയിൽ പോളി പ്രൊപ്പലൈൻ ഉപയോഗിച്ച് നിർമ്മിച്ച ജിയോ ഫാബ്രിക് പാളികൾ വിരിക്കും. അതിന് മുകളിൽ ചെറിയ കല്ലുകളും തുടർന്ന് വലിയ കല്ലുകളും നിരത്തി തീരത്തെ സംരക്ഷിക്കും.
അതിന് ശേഷം മണൽ നിരത്തി സ്വാഭാവികമായ മണൽ അടിഞ്ഞുകയറി വലിയ തീരമായി മാറുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 മീറ്റർ വീതിയിലുള്ള തീരത്തിന്റെ ആറുമീറ്ററിൽ വിനോദസഞ്ചാരികൾക്കായി ഗാലറിക്ക് സമാനമായ ഇരിപ്പിടങ്ങൾ ഒരുക്കും. കൂടാതെ, മത്സ്യത്തൊഴിലാളികൾക്കായി രണ്ട് അറ്റങ്ങളിലായി 16 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലുമായി രണ്ട് റാമ്പുകളും നിർമ്മിക്കും.
പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറും ടൂറിസം കൺസൾട്ടന്റുമായ പ്രശാന്ത് വാസുദേവ് സംവിധാനങ്ങളുടെ അലംഭാവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഒരു നല്ല കാര്യം ഏറെ വൈകിയെങ്കിലും യാഥാർത്ഥ്യമാകുന്നുണ്ടെങ്കിലും, ഈ ശാശ്വത പരിഹാരം നേരത്തെ കണ്ടെത്തുന്നതിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
“ഇതുവരെ ചെലവാക്കിയ കോടികൾ പാഴായില്ലേ? ഏറ്റവും നല്ല പരിഹാരം കണ്ടെത്താൻ മിക്കപ്പോഴും നമുക്ക് കഴിയുന്നില്ല. താൽക്കാലിക സംവിധാനങ്ങൾക്ക് വേണ്ടി നമ്മൾ കോടികൾ ചെലവാക്കുകയും അത് പാഴാകുകയുമാണ് ചെയ്യുന്നത്. ഇനിയെന്നാണ് നമ്മൾ ഇത് പഠിക്കുക!” – അദ്ദേഹം ചോദിക്കുന്നു. നാവികസേനാ ദിനം പോലുള്ള ഒരു ഇവൻ്റിന് വേണ്ടിയിരുന്നോ ഇത്തരം ഒരു സ്ഥിരം പരിഹാരം കണ്ടെത്താൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















