വിവാഹ ചടങ്ങുകൾക്കിടെ വധുവിന്റെയോ വരന്റെയോ അടുത്ത ബന്ധുവെന്ന വ്യാജേന ആഭരണങ്ങളും പണവും മോഷ്ടിച്ച് മുങ്ങിയിരുന്ന മുൻ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പോലീസ് അറസ്റ്റ് ചെയ്തു. കെ.ആർ പുരം ഉദയനഗർ സ്വദേശിനിയായ രേവതി (46) എന്ന സ്ത്രീയാണ് പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലി ഉപേക്ഷിച്ച ശേഷമാണ് രേവതി മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. നഗരത്തിലെയും സമീപ ജില്ലകളിലെയും നിരവധി കല്യാണമണ്ഡപങ്ങളിൽ സമാനമായ മോഷണങ്ങൾ ഇവർ നടത്തിയതായാണ് വിവരം.
കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതും ഭർത്താവിന്റെ ചികിത്സാ ചെലവുകൾ, മകന്റെ വിദ്യാഭ്യാസം എന്നിവയ്ക്കായി പണം കണ്ടെത്താനുമാണ് മോഷണം നടത്തിയതെന്ന് ഇവർ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.
നവംബർ 23-ന് ബസവനഗുഡിയിലെ ഒരു കല്യാണമണ്ഡപത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയാണ് പോലീസ് അന്വേഷണത്തിന് വഴിത്തിരിവായത്. ബന്ധുവിന്റെ വിവാഹത്തിന് എത്തിയ മഞ്ജുനാഥ നഗർ സ്വദേശിനിയായ ഒരു സ്ത്രീയുടെ 32 ഗ്രാം തൂക്കമുള്ള സ്വർണമാല മണ്ഡപത്തിലെ മുറിയിലെ ബാഗിൽ നിന്ന് മോഷണം പോയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചു.
വിശദമായ അന്വേഷണത്തിനൊടുവിൽ ഡിസംബർ ഒന്നിന് രേവതിയെ വീട്ടിൽ വെച്ച് പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ, ബസവനഗുഡിയിലെ മറ്റ് രണ്ട് കല്യാണമണ്ഡപങ്ങളിലും മറ്റ് ജില്ലകളിലും സമാന രീതിയിൽ മോഷണം നടത്തിയതായി ഇവർ സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് വീട്ടിൽ സൂക്ഷിച്ചിരുന്നതായും ബാക്കിയുള്ളവ വായ്പയെടുക്കുന്നതിനായി ബാങ്കിൽ പണയം വെച്ചിരുന്നതായും പോലീസ് കണ്ടെത്തി.
വിവാഹ ചടങ്ങുകളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളുടെ ശ്രദ്ധക്കുറവ് മുതലെടുത്താണ് രേവതി മോഷണം നടത്തിയിരുന്നത്. ചടങ്ങിനിടെ ആഭരണങ്ങൾ അഴിച്ചുവെക്കുന്നവരെ ശ്രദ്ധിച്ച ശേഷം, ബന്ധുവാണെന്ന് തോന്നിക്കുന്ന രീതിയിൽ പെരുമാറി സൗഹൃദം സ്ഥാപിക്കും. തുടർന്ന് തക്കം നോക്കി മുറികളിൽ കടന്നുകൂടി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്.
















