കന്നഡ നടനും നിർമാതാവുമായ മയൂർ പട്ടേലിനെതിരെ മദ്യപിച്ച് വാഹനമോടിക്കുകയും അഞ്ച് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ കേസ്. മയൂർ പട്ടേൽ ഓടിച്ചിരുന്ന SUV ട്രാഫിക് സിഗ്നലിൽ കാത്തുനിന്നിരുന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിക്കുന്നത്.
ബംഗളൂരിലെ കമാൻഡോ ഹോസ്പിറ്റൽ സിഗ്നലിനടുത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. മയൂർ പട്ടേൽ ഓടിച്ചിരുന്ന SUV ട്രാഫിക് സിഗ്നലിൽ കാത്തുനിന്നിരുന്ന ഒരു കാറിലേക്ക് ഇടിച്ചുകയറുകയും പിൻഭാഗത്ത് ഇടിയേറ്റ കാർ മറ്റ് നാല് വാഹനങ്ങളിലേക്കും ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ രണ്ട് സ്വിഫ്റ്റ് ഡിസയർ കാറുകൾക്കും ഒരു സർക്കാർ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചതായി പോലീസ് അറിയിച്ചു. നടൻ മദ്യപിച്ചായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഹലസൂരിലെ ട്രാഫിക് പോലീസ് സംഭവസ്ഥലത്തേക്ക് ഉടൻ എത്തുകയും മയൂർ പട്ടേലിനെ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.
കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഡ്രൈവർമാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
















