വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതിശ്രുത വരന് ആയുസ്സ് കുറവാണെന്ന ജ്യോത്സ്യന്റെ പ്രവചനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു എം.ഇ.ഐ ലേഔട്ടിൽ താമസിക്കുന്ന എം.ബി.എ ബിരുദധാരിയായ വിദ്യാജ്യോതി (27) ആണ് ജീവിതം അവസാനിപ്പിച്ചത്. പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയ സന്തോഷത്തിനിടയിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം.
വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് വിദ്യാജ്യോതിയും യുവാവും വിവാഹിതരാകാൻ തീരുമാനിച്ചത്. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ തുടക്കത്തിൽ വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും പിന്നീട് വിവാഹത്തിന് പച്ചക്കൊടി കാട്ടി. എന്നാൽ, വിവാഹത്തിന് മുന്നോടിയായി നടത്തിയ ജാതക പരിശോധനയാണ് വിനയായത്. പ്രതിശ്രുത വരന് ‘അല്പായുസ്സാണ്’ ഉള്ളതെന്നും വിവാഹം കഴിഞ്ഞാൽ അധികകാലം ഒപ്പമുണ്ടാകില്ലെന്നും ജ്യോത്സ്യൻ പ്രവചിച്ചു. ഇത് യുവതിയെ മാനസികമായി തളർത്തുകയായിരുന്നു.
ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം ഈ ദോഷം അകറ്റാനായി ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും പരിഹാരക്രിയകളും കുടുംബം ആരംഭിച്ചിരുന്നു. പൂജകളുടെ എട്ടാം ദിവസം മുറിയിൽ കയറി വാതിലടച്ച വിദ്യാജ്യോതിയെ പിന്നീട് പുറത്തുകണ്ടില്ല. വീട്ടുകാർ ഏറെനേരം വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
















