ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യനന്മയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ മഹത്തായ ജൂബിലി ക്രിസ്മസ് ആഘോഷിച്ചു. സമൂഹത്തിൽ വേറിട്ട മാതൃക പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ശ്രദ്ധേയരായ ഈ സ്കൂളിലെ വിദ്യാർഥികൾ, തങ്ങളുടെ ക്രിസ്മസ് ആഘോഷത്തെ അർഹരായ കുടുംബങ്ങൾക്കുള്ള സഹായവിതരണത്തിലൂടെ കൂടുതൽ അർഥപൂർണമാക്കി.
’ചിൽഡ്രൻസ് ഫോർ ആലപ്പി’ എന്ന പദ്ധതിയുടെ ഭാഗമായ ‘ഒരുപിടി നന്മ’യുടെ സഹകരണത്തോടെയായിരുന്നു ഈ ഉദ്യമം. കുട്ടികൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കളോടൊപ്പം ചേർത്തലയിലെ ‘മഞ്ഞൾ ഹൈപ്പർമാർട്ട്’, ‘സമൃദ്ധി ഹൈപ്പർമാർട്ട്’ എന്നിവർ നൽകിയ ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ, ചേർത്തല ഹോം കെയർ നൽകിയ ക്രിസ്മസ് സമ്മാനം, സ്കൂൾ അധ്യാപകൻ ജോമി സാർ നൽകിയ കേക്ക്, പി.ടി.എ. പ്രസിഡന്റ് ദീപു എസ്. പിള്ള നൽകിയ പച്ചക്കറി കിറ്റ് എന്നിവ ചേർത്താണ് ക്രിസ്മസ് സമ്മാനക്കിറ്റ് തയ്യാറാക്കിയത്.

തിരഞ്ഞെടുത്ത അർഹരായ കുടുംബങ്ങൾക്ക് ഈ ക്രിസ്മസ് സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു. ഈ പ്രവർത്തിയിലൂടെ ഉണ്ണിയേശു വീണ്ടും മനുഷ്യ നന്മയുടെ രൂപത്തിൽ പിറവിയെടുക്കുകയാണെന്ന് ‘ഒരുപിടി നന്മ’ കോർഡിനേറ്റർ ഫാദർ ആന്റോ മംഗലശ്ശേരി സി.എം.ഐ. അറിയിച്ചു.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ബിജു, തെക്കേടശ്ശേരി എട്ടാം വാർഡ് മെമ്പർ രതി നാരായണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് റെജി എബ്രഹാം, പി.ടി.എ. പ്രസിഡന്റ് ദീപു എസ്. പിള്ള, ഫാദർ വിപിൻ കുരിശുതറ സി.എം.ഐ., ലിംസോ പൗലോസ് എന്നിവർ ചേർന്ന് കുടുംബങ്ങൾക്ക് ക്രിസ്മസ് സമ്മാനം കൈമാറി. കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം നൽകിയ ഈ ക്രിസ്മസ് ആഘോഷം, പുതുവർഷത്തിൽ നന്മയുടെ വ്യക്തികളായി മുന്നേറാൻ ഏവർക്കും പ്രചോദനമാവുമെന്നും അധികൃതർ പ്രത്യാശിച്ചു.
















