ആലപ്പുഴയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കിൽ വന്ന യുവാക്കളെ തടയാൻ ശ്രമിച്ചത് അപകടത്തിന് കാരണമായി. സംഭവത്തിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു. ആലപ്പുഴ കൊമ്മാടി കളരിക്കുന്ന രാജേന്ദ്രന്റെ മകൻ അനിൽ (27), സുഹൃത്ത് രാജൻ (27) എന്നിവർക്കാണ് പരുക്ക്.
ഇന്ന് പുലർച്ചെ 4ന് കണ്ണമാലിക്കടുത്തുള്ള ചെല്ലാനം തീരദേശ റോഡിലായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്നെ ഇവരെ പിടിക്കാൻ പോലീസ് ശ്രമിക്കുകയും ബൈക്കും വണ്ടിയും തമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിന് ശേഷം യുവാക്കളെ അവിടെ ഉപേക്ഷിച്ചു പോലീസ് സംഘം അപകടസ്ഥലത്തുനിന്നും കടന്നതായി ആരോപണം ഉയർന്നു.
ബൈക്കിൽനിന്നും റോഡിൽ വീണ യുവാക്കളിൽ ഒരാളായ അനിലിന്റെ പരുക്ക് ഗുരുതരമാണ്. മൂക്കിനും കാലിനും ഗുരുതരമായി മുറിവേറ്റ അനിലിനെ രാജൻ ബൈക്കില്‍ കെട്ടിവച്ചാണ് 22 കിലോമീറ്ററോളം ദൂരെയുള്ള ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















