ദിലീപ്-മോഹൻലാൽ ഒന്നിച്ച ‘ഭഭബ’ കഴിഞ്ഞ ഡിസംബര്‍ 18നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയിൽ പശുവിനെ തട്ടിക്കൊണ്ടുപോകുന്ന സംഭാഷണത്തിനൊപ്പം ദിലീപിന്‍റെ കഥാപാത്രം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്ന രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഈ രംഗത്തിന് സോഷ്യൽ മീഡിയയിലടക്കം വിമര്‍ശനം നേരിട്ടത്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ഫാഹിം സഫറും നൂറിന്‍ ഷെരിഫും സംവിധായകന്‍ ധനഞ്ജയ് ശങ്കറും. ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശദീകരണം നൽകിയത്.
‘സിനിമയുടെ പരിസരത്തില്‍ നിന്നുകൊണ്ടാണ് ആ സീനിനെ നോക്കി കാണേണ്ടത്. ഈ സിനിമക്ക് ഒരു നർമ്മ സ്വഭാവം ഉണ്ടെങ്കിലും വിനീതേട്ടന്‍ ഇതില്‍ വില്ലനാണ്. വില്ലന്‍റെ ചിന്താഗതിയിൽ നിന്നുള്ള ഒരു വിഷ്വലൈസേഷൻ ആണ് സിനിമയിലെ ആ രംഗം. ആ സീൻ പോലും ഒരു റഫറൻസ് ആണ്. വില്ലന്‍റെ ചിന്താഗതിയിൽ നിന്നുണ്ടാവുന്ന രംഗമാണ്. ശരിയായിട്ടല്ല അയാള്‍ ചിന്തിക്കുന്നത്. അപ്പോൾ തന്നെ കൂടെ ഉള്ള കഥാപാത്രം ആ ചിന്താഗതിയെ എന്താണ് സർ എന്ന് പറഞ്ഞു ബ്രേക്ക് ചെയ്യുന്നുണ്ട്. അതൊന്നും കൃത്യമായിട്ട് ആൾക്കാരിലേക്ക് എത്തിയിട്ടുണ്ടാവില്ല … സീനിൽ ഇല്ലാത്ത ഡയലോഗ് ഒക്കെ ചേർത്തിട്ടാണ് ചിലർ ഇപ്പൊൾ പറയുന്നത്. സിനിമയെ വിമർശിക്കരുത് അല്ലെങ്കിൽ നിങ്ങൾ ഇതുപോലെയേ സിനിമ കാണാവൂ എന്നൊന്നും പ്രേക്ഷകരോട് പറയുന്നില്ല. അതൊക്കെ ഓരോരുത്തരുടെ പെർസ്പെക്ടീവ് ആണ്. പക്ഷേ ആ കോണ്ടക്സ്റ്റിനോട് ചേർന്നിട്ടുള്ള സീൻ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ,’ ഫാഹിം സഫര്‍ പറഞ്ഞു.
നൂറിന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൊക്കെ സൈബര്‍ അറ്റാക്ക് രൂപത്തിലാണ് കമന്‍റുകള്‍ വന്നതെന്നും ഫാഫിം പറഞ്ഞു. ‘കൃത്യമായ അഭിപ്രായം പറയാന്‍ ഒരു ഹെല്‍ത്തി കമ്യൂണിക്കേഷന്‍ ഉണ്ട്. ആ ബൗണ്ടറിക്കപ്പുറത്തേക്ക് വ്യക്തിപരമായി അറ്റാക്ക് ചെയ്യുന്നത് പോലെ, വിഷമിപ്പിക്കുന്നതിലേക്ക് എത്തുമ്പോള്‍ വിഷമമാവുന്നുണ്ട്. നല്ല രീതിയില്‍ പറയുന്നവരുണ്ട്. പക്ഷേ ഇതിനെ മുതലെടുത്ത് വേറെ രീതിയിലേക്ക് ആക്കുന്നവരുമുണ്ട്,’ നൂറിനും ഫാഹിമും പറഞ്ഞു.
















