മധ്യകേരളത്തിലുള്ളവർക്കും മലബാറുകാർക്കും അത്രപരിചിതമല്ലാത്ത ഒരു മീൻ കറിയുടെ റെസിപ്പി അറിയാം. മുരിങ്ങക്കോലിട്ട ഈ പൊളപ്പൻ മീൻകറിയിൽ നല്ല പുളിയുള്ള മാങ്ങയും കൂടിച്ചേരുമ്പോൾ തിരുവനന്തപുരം സ്റ്റൈൽ കറി റെഡി.
ചേരുവകൾ
മീൻ – അരക്കിലോ, കഷണങ്ങളാക്കിയത്
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – അര മുറി
ചുവന്നുള്ളി – നാല്
പുളി – ഒരു ചെറിയ ഉരുള
എണ്ണ – പാകത്തിന്
കടുക് – ഒരു ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
പച്ചമുളക് – മൂന്ന്
തക്കാളി – ഒന്ന്
മുരിങ്ങക്ക – രണ്ടെണ്ണം
മാങ്ങ – ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ എണ്ണയില്ലാതെ ചെറുതായി ചൂടാക്കുക. ഇതിലേക്ക് ചുവന്നുള്ളി, തേങ്ങ, പുളി എന്നിവ ചേർത്ത് ഇളക്കിയ ശേഷം നന്നായി അരച്ചെടുക്കുക. ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ, വറ്റൽമുളക് എന്നിവ ചേർത്തു മൂപ്പിച്ചശേഷം പച്ചമുളക് രണ്ടായി കീറിയതും. തക്കാളി നീളത്തിൽ അരിഞ്ഞതും കൂടി ചേർത്ത് വഴറ്റണം. ഇനി മുരിങ്ങക്കോൽ കഷ്ണങ്ങളാക്കിയതും മാങ്ങ അരിഞ്ഞതും കറിവേപ്പിലയും ചേർത്തു വഴറ്റുക. ഇതിലേക്ക് തേങ്ങാ അരപ്പും അൽപം വെള്ളവും ചേർത്ത് ഉപ്പ് പാകത്തിനാക്കുക. തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ചേർത്ത് അടച്ചു വച്ചു വേവിക്കുക.അരപ്പും മസാലയും നല്ലതുപോലെ തിളച്ചതിനു ശേഷം മാത്രമേ മീൻ കഷണങ്ങൾ ചേർക്കാവൂ. കറി റെഡിയായി കഴിയുമ്പോൾ 3 ചെറിയ ഉള്ളി അരിഞ്ഞ് വെളിച്ചെണ്ണയിൽ താളിച്ചു ചേർത്താൽ ടേസ്റ്റ് ഡബിളാകും.
















