മലപ്പുറം പാണ്ടിക്കാട്ടിൽ പട്ടാപ്പകൽ വീടുകയറി ആക്രമണം. പർദ്ദ ധരിച്ച അഞ്ചംഗ സംഘമാണ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിക്കുകയും പണവും സ്വർണവും ആവശ്യപ്പെടുകയും ചെയ്തത്.
പാണ്ടിക്കാട് കുറ്റിപ്പുളിയിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീടിന്റെ പിൻവശത്തുകൂടിയാണ് അക്രമിസംഘം എത്തിയത്. പർദ്ദ ധരിച്ച് കാറിൽ എത്തിയ ഇവർ വീട്ടിലേക്ക് അതിക്രമിച്ചുകയറി.
പിന്നീട് വീട്ടുകാർക്ക് നേരെ കത്തി കാണിക്കുകയും അബ്ദുവിനോട് പണവും സ്വർണവും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ച അബ്ദുവിനെ സംഘം അടിച്ചുവീഴ്ത്തി. മക്കളായ ഫൗസിയ, സാബിറ, പേരമക്കൾ ഷാമിൽ, സൻവ എന്നിവരേയും അക്രമികൾ മർദ്ദിച്ചു.
വീട്ടുകാർ ബഹളം വെക്കുകയും ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും നാലുപേർ രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
















