കേരള സർവകലാശാലയിൽ മൂന്ന് വർഷം മുൻപ് നടന്ന ഡോളർ കൈമാറ്റ വിവാദത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയ്ക്ക് നഷ്ടപ്പെട്ട 17 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ, ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിപിയ്ക്ക് കെെമാറാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
യൂണിവേഴ്സിറ്റിയുടെ അക്കൗണ്ടുകൾ കെെകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്തുള്ള വീഴ്ചയാണെന്ന സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട് വി.സി പരിശോധിച്ചു. സര്‍വകലാശാലയിലെ ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തില്‍ പ്രഭാഷണം നടത്തിയ വിദേശ മാധ്യമപ്രവര്‍ത്തകനു പ്രതിഫലം രൂപയില്‍ നല്‍കുന്നതിന് പകരം ഡോളറില്‍ നല്‍കിയ സംഭവത്തില്‍ മൂന്നുവര്‍ഷമായും നടപടിയില്ല.
പ്രതിഫലമായി 20,000 രൂപ നല്‍കേണ്ടതിനുപകരം 20000 ഡോളറാണ് അയച്ചത്. പണമിടപാട് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ബാങ്ക് അധികൃതര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ മൂന്നുവര്‍ഷം പിന്നിട്ടിട്ടും സര്‍വകലാശാലയ്ക്ക് നഷ്ടപ്പെട്ട 17 ലക്ഷം രൂപ മടക്കി ലഭിക്കാത്തതിലുള്ള വീഴ്ച കണ്ടെത്തണമെന്നാണ് വിസിയുടെ നിലപാട്. ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്വേഷണം പൊലീസിന് കൈമാറാനുള്ള തീരുമാനം.
















