കേരളത്തിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരവിഭാജ്യ ഘടകമാണ് മുരിങ്ങ. ഇതിന്റെ കായ, ഇല, പൂവ് തുടങ്ങി എല്ലാ ഭാഗങ്ങൾക്കും ധാരാളം ഔഷധഗുണങ്ങളുണ്ട്. ‘അത്ഭുത വൃക്ഷം’ (Miracle Tree) എന്നും മുരിങ്ങയെ വിശേഷിപ്പിക്കാറുണ്ട്.
- മുരിങ്ങയുടെ ഗുണങ്ങൾ
വൈറ്റമിൻ സി, എ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾക്കൊപ്പം ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
മുരിങ്ങയിലയിലും കായയിലും ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് അണുബാധകളെയും ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു.
മുരിങ്ങയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുണ്ട്. ഇതിലെ നാരുകളും മറ്റ് പോഷകങ്ങളും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോളിന്റെ (LDL) അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായകമാണ്.
മുരിങ്ങയിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയവ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും മുരിങ്ങയ്ക്ക് കഴിവുണ്ട്.
- മുരിങ്ങയുടെ ദോഷങ്ങൾ
എന്നാൽ മുരിങ്ങയുടെ ഇല അമിതമായി കഴിക്കുന്നത് ചിലരിൽ ദഹന അസ്വസ്ഥതകൾ, വയറുവേദന, ഓക്കാനം അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം. ഇത് പ്രധാനമായും അമിതമായ അളവിൽ പച്ചയായി കഴിക്കുമ്പോഴാണ് സംഭവിക്കാൻ സാധ്യത ഉണ്ട്.
കൂടാതെ രക്തസമ്മർദ്ദത്തിനോ പ്രമേഹത്തിനോ മരുന്ന് കഴിക്കുന്നവർ മുരിങ്ങയിലയോ മുരിങ്ങപ്പൊടിയോ വലിയ അളവിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. മുരിങ്ങയ്ക്ക് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ കഴിയുമെന്നതിനാൽ, മരുന്നുകളുമായി ചേരുമ്പോൾ അളവിൽ വ്യത്യാസങ്ങൾ വരാനോ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകാനോ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്.
മുരിങ്ങയിലയും മുരിങ്ങക്കായയും പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. എങ്കിലും, ഏതൊരത്ഭുത ഭക്ഷണവും അമിതമായാൽ ദോഷകരമാവാം. മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഗുണകരമാവുകയും ആരോഗ്യപരമായ ജീവിതത്തിന് സഹായിക്കുകയും ചെയ്യും.
















