ബെംഗളൂരു ഹെന്നൂർ റോഡിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ കാറിൽ അമിതശബ്ദമുണ്ടാക്കുന്ന സൈലൻസറിൽ പരിഷ്‌കാരം വരുത്തി റോഡിൽ കറങ്ങിനടന്ന മലയാളി വിദ്യാർഥിക്ക് 1.11 ലക്ഷം രൂപ പിഴ നൽകി ആർ.ടി.ഒ. കണ്ണൂർ ആർടിഒയിൽ രജിസ്റ്റർചെയ്ത കാറാണ് ജനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഓടിച്ചതിന് പിഴ നൽകിയത്.
കഴിഞ്ഞദിവസം ആയിരുന്നു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വാഹനം മലയാളി വിദ്യാർത്ഥി ഓടിച്ചത്. ശല്യം അധികമായപ്പോൾ ജനങ്ങൾ ആണ് കാറിന്റെ വീഡിയോ ട്രാഫിക് പൊലീസിന് കൈമാറിയത്. തുടർന്ന് ട്രാഫിക് പോലീസ് സംഭവ സ്ഥലത്തെത്തി കാർ തടഞ്ഞു നിർത്തി ആർടിഒയ്ക്ക് കൈമാറുകയായിരുന്നു.
ആർടിഒ അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൈലൻസറിൽ പരിഷ്‌കാരം വരുത്തിയതായി കണ്ടെത്തിയത്. കൂടാതെ അമിതശബ്ദത്തിനൊപ്പം പുകക്കുഴലുകളിൽനിന്ന് തീപ്പൊരി ചിതറുന്നവിധത്തിലായിരുന്നു മാറ്റംവരുത്തിയതെന്നും ഇത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ആർടിഒ അധികൃതർ വിലയിരുത്തി.
തുടർന്നാണ് ആർടിഓഫീസിന് ചുമത്താൻ കഴിയുന്ന പരമാവധി പിഴയായ 1,11,500 രൂപ പിഴ ചുമത്തിയത്.
















