തേൻ മിഠായി ഇനി വീട്ടിൽ തയ്യാറാക്കിയാലോ?. രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന് അരച്ചെടുത്ത അരിയും ഉഴുന്നും ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ വീട്ടിൽ തന്നെ ഇത് വറുത്തെടുക്കാം. ഒരു തവണ പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
ഉഴുന്ന്- 1/4 കപ്പ്
പച്ചരി- 1 കപ്പ്
ഉപ്പ്- 1/4 സ്പൂൺ
റെഡ് ഫുഡ് കളർ- 1/4 ടീസ്പൂൺ
ബേക്കിംഗ് പൗഡർ- 1/4 ടീസ്പൂൺ
പഞ്ചസാര- 1 1/2 കപ്പ്
നാരങ്ങാനീര്- 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാൽ കപ്പ് ഉഴുന്നും, ഒരു കപ്പ് പച്ചരിയും ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
കുതിർത്തെടുത്ത പച്ചരിയും ഉഴുന്നും പ്രത്യേകം അരച്ചെടുക്കാം. ഇവ ഒരുമിച്ച് ചേർത്തിളക്കി യോജിപ്പിച്ചോളൂ. കാൽ ടീസ്പൂൺ ഉപ്പ് ചേർക്കാം. കാൽ ടീസ്പൂൺ റെഡ് ഫുഡ് കളറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് ശർക്കര ലായനി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യമായ എണ്ണ ചേർത്ത് ചൂടാക്കാം.മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ചേർത്ത് വറുക്കാം. വറുത്തെടുത്ത ഉരുളകൾ പഞ്ചസാര ലായനിയിൽ ചേർത്ത് അൽപ്പ സമയം മാറ്റി വയ്ക്കാം. ശേഷം കുറച്ച് പഞ്ചസാര പൊടിച്ചതിലേക്ക് ചേർത്തോളൂ. ഇഷ്ടാനുസരണം കഴിക്കാം.
















