പുനലൂർ ചെമ്മന്തൂർ മേഖലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനു മോൻ (29) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചെമ്മന്തൂർ കോളേജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിനോട് ചേർന്ന തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.
2018-ൽ കേരളത്തെ പിടിച്ചുക്കുലുക്കിയ കെവിൻ വധക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഷിനു മോൻ. കേസിന്റെ വിചാരണ വേളയിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടിരുന്നു.
യുവാവ് താമസിച്ചിരുന്ന മൂന്നുനില ഫ്ലാറ്റിന് പിന്നിലെ തോട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
എന്നാൽ, ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ കൈവരികൾ ഇല്ലാത്തതിനാൽ അവിടെ നിന്നും അബദ്ധത്തിൽ താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
















