തൃശൂരിൽ നടക്കുന്ന 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയാകും. വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം. തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്നിൽ വെച്ചാണ് സമാപനം.
മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലക്കുള്ള സ്വർണ്ണക്കപ്പ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും മോഹൻലാലും ചേർന്നാണ് വിജയികൾക്ക് സമ്മാനിക്കുക.
ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും സംബന്ധിക്കും.
സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.നിലവിൽ 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിൽ. 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോട്(946), കൊല്ലം (917),മലപ്പുറം (915) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
കലാമാമാങ്കത്തിൽ കലാകിരീടം ആര് ചൂടുമെന്ന ആകാംക്ഷയിലാണ് എല്ലാവരും.
















