മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദുർഗ കൃഷ്ണ. മാതൃത്വം എന്ന ജീവിതത്തിലെ മറ്റൊരു അധ്യായത്തിലൂടെ കടന്നു പോകുകയാണ് ദുർഗ കൃഷ്ണ. ഇപ്പോഴിതാ പ്രസവാനന്തരം നേരിടുന്ന മാനസികപ്രശ്നങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഇതേക്കുറിച്ച് ദുർഗ പറഞ്ഞത്.
പ്രസവാനന്തരം ആരും നിങ്ങൾക്ക് മുന്നറിയിപ്പ് തരാത്ത ഏറ്റവും പ്രയാസമേറിയ കാര്യം എന്താണ്? എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുർഗയുടെ കുറിപ്പ്. കുഞ്ഞിനോടുള്ള സ്നേഹക്കൂടുതലിനിടയിലും താൻ അദൃശ്യയായി മാറുന്നതിലെ സങ്കടം പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണ്.
‘‘നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു? എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്: എന്റെ കുഞ്ഞിനോട് എനിക്ക് ഭ്രാന്തമായ ഇഷ്ടമാണ്, പക്ഷേ പുറമെനിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത അത്ര ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്.
സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു ‘കോ-പാരന്റിനെ’ (കുഞ്ഞിനെ നോക്കാൻ കൂടെയുള്ള ഒരാൾ) മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ അത്രയധികം പരിചരിച്ചിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു; പകരം കുഞ്ഞിനെ മാത്രം കാണാൻ കഴിയുന്ന ഒരാളായി അദ്ദേഹം മാറി. അവിടെ ഞാൻ അദൃശ്യയായി തീർന്നു.
എന്റെ കരിയർ, എന്റെ ശരീരം, എന്റെ ആരോഗ്യം, എന്റെ ഉറക്കം എന്നിവയെല്ലാം ത്യാഗം ചെയ്തത് ഞാനാണ്. അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ, രാത്രിയുടെ നിശബ്ദതയിൽ ഉണർന്നിരിക്കുന്നത് ഞാനാണ്. എന്റെ ശേഷിക്കുന്ന കരുത്തെല്ലാം ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്റെ കൈകൾ വിറയ്ക്കുന്നു. എന്റെ ഉത്തരവാദിത്തങ്ങൾ മാറുക മാത്രമല്ല ചെയ്തത്; എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാൻ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ ഞാൻ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു.’’– ദുർഗ കൃഷ്ണ കുറിച്ചു.
2021-ലായിരുന്നു ദുർഗയും അർജുൻ രവീന്ദ്രനും വിവാഹിതരായത്. 2025 നവംബറിലാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. പ്രസവശേഷം സ്ത്രീകൾ അനുഭവിക്കുന്ന മാനസികാസ്വസ്ഥതകളെക്കുറിച്ച് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പലരും മുൻപ് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ നിന്ന് ഇത്തരം വെളിപ്പെടുത്തലുകൾ കുറവാണ്. ‘വിമാനം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുർഗ ‘ഉടൽ’, ‘പ്രേതം 2’, ‘കുട്ടിമാമ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. 2024-ൽ പുറത്തിറങ്ങിയ ‘തങ്കമണി’യിലാണ് ദുർഗ അവസാനമായി അഭിനയിച്ചത്. മോഹൻലാൽ ചിത്രം ‘റാം’ ആണ് ദുർഗയുടെ ഇനി പുറത്തിറങ്ങാനുള്ള പ്രധാന സിനിമ.
















