പോഷക സമ്പന്നമായ എള്ളിന് നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. മുടിയുടെ വളർച്ചയ്ക്കും ദഹനം മെച്ചപ്പെടുത്താനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും എള്ള് സഹായിക്കുന്നു. കറുത്ത എള്ള് ഉപയോഗിക്കുന്നത് ആരോഗ്യമുള്ള തലമുടിക്കും അകാലനര തടയാനും സഹായിക്കും.
കറുത്ത എള്ളിൽ കാൽസ്യവും മഗ്നീഷ്യവും ധാരാളമുണ്ട്. ശരീരത്തെ പുഷ്ടിപ്പെടുത്താൻ ഇത് സഹായിക്കും. എല്ലിന്റെ സാന്ദ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളവർക്ക് എള്ള് ഏറെ നല്ലതാണ്. ആർത്തവവിരാമം മൂലമുള്ള ഹോർമോൺ വ്യതിയാനങ്ങൾ മൂലം എല്ലിന്റെ സാന്ദ്രത കുറഞ്ഞവർക്കും എള്ള് ഗുണം ചെയ്യും. സെസാമിൻ, സെസാമോൾ, സെസാമോലിൻ തുടങ്ങിയവ ബയോ ആക്ടീവ് പ്ലാന്റ് കെമിക്കലുകൾ കറുത്ത എള്ളിലുണ്ട്. ആർത്തവ വിരാമശേഷമുള്ള ഓസ്റ്റിയോപോറോസിസ്, പോഷകങ്ങളുടെ അഭാവം മൂലം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണമാണ്. ആർത്തവവിരാമശേഷം സ്ത്രീകൾ അനുഭവിക്കുന്ന ഓസ്റ്റിയോ പോറോസിസ്, സന്ധിവാതം തുടങ്ങിയ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകറ്റാൻ എള്ള് സഹായിക്കും. എള്ളുണ്ട പോലുള്ള നാടൻ ഭക്ഷണങ്ങൾ പോഷകങ്ങൾ, പ്രത്യേകിച്ച് കാത്സ്യം ധാരാളം അടങ്ങിയതാണ്.
പോഷകങ്ങൾ ധാരാളം അടങ്ങിയ കറുത്ത എള്ള് മുടി വളർച്ചയ്ക്കും ചർമം തിളങ്ങാനും സഹായിക്കും. കറുത്ത എള്ളിലടങ്ങിയ ചില ബയോ ആക്ടീവ് സംയുക്തങ്ങൾ മുടി കറുക്കാൻ സഹായിക്കും. എള്ളിൽ നിന്നെടുക്കുന്ന എള്ളെണ്ണയ്ക്ക് മോയ്സ്ചറൈസിങ് ഗുണങ്ങളുണ്ട്. ചർമം മൃദുവാക്കാനും ഇത് സഹായിക്കും. ചർമ സംരക്ഷണത്തിന് എള്ള് ഏറെ ഗുണം ചെയ്യും. കാലുകൾ വിണ്ടു കീറുന്നതിനും എള്ള് പരിഹാരമേകും. എള്ളിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ചർമകോശങ്ങളെ ഫ്രീറാഡിക്കലുകളിൽ നിന്നുള്ള നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. സസ്യ സംയുക്തങ്ങളും ഫൈറ്റോസ്റ്റിറോളുകളുമാണ് സംരക്ഷണമേകുന്നത്. കറുത്ത എള്ളിലടങ്ങിയ ബി വൈറ്റമിനുകളും സിങ്കും ചർമത്തെ ആരോഗ്യമുള്ളതാക്കും.
എള്ളിൽ ധാരാളമായടങ്ങിയ നാരുകൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കും പോഷകങ്ങളുടെ ആഗിരണത്തിനും ഉദരാരോഗ്യം പ്രധാനമാണ്. ഇതുകൊണ്ടുതന്നെ എള്ള് സമീകൃതഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടും
ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ഹൃദയാരോഗ്യമേകുകയും ചെയ്യുന്ന നിരവധി ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും എള്ളില്‍ ഉണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. എള്ളിലടങ്ങിയ പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ എള്ള് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു
എള്ളിൽ അയണും സിങ്കും ധാരാളമായുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.
പ്രായമാകൽ തടയും
ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ എള്ളിൽ ധാരാളമുണ്ട്. ഈ ഫ്രീറാഡിക്കലുകൾ ശരീരത്തിൽ ക്ഷതങ്ങളും വിഷാംശങ്ങളും ഉണ്ടാക്കുകയും ഇത് രോഗപ്രതിരോധസംവിധാനത്തെ ബാധിക്കുകയും ചെയ്യും. ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള എള്ള് ഉപയോഗിക്കുന്നത് പ്രായമാകൽ തടയുന്നു.
















