ബെംഗളൂരു കോറമംഗലയിൽ രണ്ടുതവണയായി 1,37,00,000 രൂപയുടെ വൻ എ.ടി.എം. കൊള്ള. ഹിറ്റാച്ചി കമ്പനിയിലെ നാല് ജീവനക്കാർ ചേർന്ന് ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകളിൽ പണം നിറയ്ക്കാൻ ചുമതലയുള്ള ഹിറ്റാച്ചി പെയ്‌മെന്റ് സർവീസ് ലിമിറ്റഡാണ് സംഭവത്തിൽ പരാതി നൽകിയത്.
നാല് ജീവനക്കാർ മാസങ്ങളായി നീണ്ട ആസൂത്രണത്തിന് ശേഷം ആണ് തട്ടിപ്പ് നടത്തിയത്. കോറമംഗലയിൽ ഒരു എ.ടി.എം. മാറ്റിസ്ഥാപിക്കാനുള്ള പണികൾ നടക്കുന്നുണ്ടായിരുന്നു. ഈ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 80 ലക്ഷം രൂപയും മറ്റു എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനുള്ള 57,96,000 രൂപയുമാണ് നഷ്ടപ്പെട്ടതായി ഓഡിറ്റിൽ വ്യക്തമായത്.
ഇതേതുടർന്ന് ആണ് ഹിറ്റാച്ചി പെയ്‌മെന്റ് സർവീസ് ലിമിറ്റഡ് പരാതി നൽകിയത്. സംഭവത്തിൽ നാലുപേരും ഒളിവിൽ ആണ്. ഇവരെ പിടികൂടാനായി പ്രതേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ്.
















