സ്കൂൾ കാലഘട്ടത്തിൽ തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ ഗിന്നസ് പക്രു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ഹൈ സ്കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോൾ പ്രധാനാധ്യാപകൻ അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞുവെന്നും മുതിർന്ന കുട്ടികൾ എന്നെ തട്ടി താഴെയിട്ടാൽ ഉത്തരവാദിത്തം ഏൽക്കാനാകില്ലെന്ന് അധ്യാപകൻ പറഞ്ഞതായും അതുകേട്ട് അമ്മയുടെ കണ്ണ് നിറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
“അച്ഛനും അമ്മയും കോട്ടയത്ത് വച്ചാണ് കണ്ടുമുട്ടിയത്. പ്രണയവിവാഹമായിരുന്നു. എന്റെ പത്താംക്ലാസ് വരെ നിരവധി വാടകവീടുകളിലായി മാറി മാറി താമസിച്ചിട്ടുണ്ട്. അന്നത്തെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. വീടുകൾ ഇടയ്ക്കിടെ മാറുന്നതുകൊണ്ടുണ്ടായ ഗുണം എന്താണെന്നുവച്ചാൽ ചെല്ലുന്നിടത്തൊക്കെ ഒരുപാട്കൂ സുഹൃത്തുക്കളെ കിട്ടും എന്നുള്ളതാണ്. വീട്ടിൽ അടങ്ങിയിരിക്കാതെ അവർക്കൊപ്പം കളിച്ച് നടക്കും. എന്നാൽ റിസ്ക് ഉള്ള കളികൾക്ക് പോകില്ല.
വഴിയിൽ കളിച്ചുകൊണ്ടിരിക്കേ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട നാല് അധ്യാപകരാണ് സ്കൂളിൽ ചേർത്തത്. ചാലുകുന്ന് സിഎംഎസ് എൽ.പി സ്കൂളിൽനിന്നാണ് എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചത്. സ്കൂളിൽ ചേർന്നാൽ അമ്മയുടെ ടെൻഷൻ മുതിർന്ന കുട്ടികൾ എന്നെ തട്ടി താഴെയിടുമോ എന്നും എനിക്ക് അപകടം പറ്റുമോ എന്നുമായിരുന്നു. ടീച്ചേഴ്സ് എന്നും എനിക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. അവരുടെ മകനെപ്പോലെ എന്നെ നോക്കി. അജിക്കുട്ടാ എന്നാണ് വിളിച്ചിരുന്നത്. പക്ഷേ ആ പരിഗണന ഞാൻ മുതലാക്കിയിരുന്നു. നല്ല ഉഴപ്പായിരുന്നു. കുസൃതി കാട്ടുക, പഠിപ്പിക്കുന്ന സമയത്ത് ബെഞ്ചിനിടയിൽക്കൂടി നടക്കുക തുടങ്ങിയവയായിരുന്നു എന്റെ വിനോദം.
നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് ജീവിതത്തിലെ വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. അതൊരു സ്റ്റേജിന്റെ രൂപത്തിലായിരുന്നു. അന്നത്തെ ജനകീയ കലയായ കഥാപ്രസംഗമായിരുന്നു അവതരിപ്പിച്ചത്. അമച്വർ കാഥികൻകൂടിയായ അച്ഛനും സുഹൃത്തുക്കളും ചേർന്നാണ് കഥാപ്രസംഗം എഴുതി തന്നത്. എന്നെ മാറ്റി നിർത്തിയിരുന്നില്ല എന്ന കാര്യത്തിൽ സന്തോഷമുണ്ട്. അവർ എന്നെ അവരിൽ ഒരാളായി കണ്ടു. ആനുവൽ ഡേയ്ക്ക് സ്റ്റേജിൽ കയറിയപ്പോൾ കഥാപ്രസംഗവേദിയിൽ എന്നെ കാണുന്നില്ല എന്നായിരുന്നു കുട്ടികൾ പറഞ്ഞത്. എന്നെ കാണാനായി കുറച്ചുപേർ ഡസ്കിൽ കയറി നിന്നതോടെ ഡെസ്ക് ഒടിഞ്ഞുവീണു. പിന്നെ ടീച്ചേഴ്സ് എന്നെ വലിയ ടേബിളിന് മുകളിൽ കയറ്റി നിർത്തി. കഥാപ്രസംഗം കഴിഞ്ഞപ്പോൾ നിർത്താതെ കയ്യടി ലഭിച്ചു. അന്നാണ് സ്റ്റേജിൽ കയറി ഇങ്ങനെ പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് കഴിവുണ്ടെന്ന് അറിഞ്ഞത്.
അഞ്ചാം ക്ലാസിൽ ഹൈ സ്കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോൾ പ്രധാനാധ്യാപകൻ അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞു. ഈ കുട്ടിക്ക് അഡ്മിഷൻ നൽകാൻ ആകില്ല. മുതിർന്ന കുട്ടികൾ തട്ടി താഴെയിട്ടാൽ ഉത്തരവാദിത്തം പറയാൻ ആകില്ല. ഒരുപാട് പടിക്കെട്ടുകൾ ഉള്ള സ്കൂളാണ്. മുഖത്ത് പോലും നോക്കാതെ ആണ് ആ അധ്യാപകൻ അത് പറഞ്ഞത്. എനിക്കൊന്നും തോന്നിയില്ല. പക്ഷേ അമ്മയുടെ കണ്ണ് നിറഞ്ഞു ആ കണ്ണുനീർ എന്റെ കൈകളിൽ വീണത് ഞാനറിഞ്ഞു.” ഗിന്നസ് പക്രുവിന്റെ വാക്കുകൾ.
















