ഇക്കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടത്ത് ആഡംബര കാറിലിരുന്ന് ഡ്യൂട്ടി സമയത്ത് മദ്യപിച്ച പോലീസുകാര്‍ക്ക്, സസ്‌പെന്‍ഷന്‍ നല്‍കിയാണ് പോലീസ് സേന അവരുടെ വിശ്വാസ്യത കാത്തു സൂക്ഷിച്ചത്. കാരണം, അതൊരു നിയമ സംരക്ഷകരുടെ സേന കൂടി ആയതുകൊണ്ട് നിയമം തെറ്റിക്കുന്നത് പോലീസാണെങ്കിലും നടപടി എടുക്കുമെന്ന മുന്നറിയിപ്പു കൂടിയാണ്. എന്നാല്‍, മറ്റൊരു യൂണിഫോം സേനയിലെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത്, യൂണിഫോമില്‍, അതും വനിതാ ഉദ്യോഗസ്ഥര്‍ അടക്കം ബാര്‍ ഹോട്ടലില്‍ ഇരുന്ന് മൃഷ്ടാന്ന ഭോജനത്തോടൊപ്പം മദ്യവും സേവിക്കുന്നത്, അവര്‍ തന്നെ എടുത്ത സെല്‍ഫി ഫോട്ടോയിലൂടെ പുറത്തു വന്നിരുന്നു. എന്നിട്ടും നടപടി ഇല്ല.
വകുപ്പുമന്ത്രി എം.ബി. രാജേഷിന് കിട്ടിയ പരാതിയും ഫോട്ടോയും കിട്ടിയിട്ടും നടപടി വൈകുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. കാരണം, ഫോട്ടോയുടെ വിശ്വാസ്യതയാണ് അന്വേഷണ വിധേയമാക്കിയത്. മാത്രമല്ല, യൂണിഫോമില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാത്രമേ ചെയ്യൂ എന്ന അന്ധവിശ്വാസവും വകുപ്പിനുണ്ട്. എന്നാല്‍, പോലീസിന്റെ കഴക്കൂട്ടത്തെ കാറിലെ മദ്യപാനവും, എക്‌സൈസ് ഉദ്യോഗസ്ഥരുടെ ബാറിലെ മദ്യപാനവും അന്ധവിശ്വാസങ്ങളെ അപ്പാടെ റദ്ദു ചെയ്യുന്നതാണ്. അപ്പോഴും നിയമം വിട്ട് യൂണിഫോമിനെയും, വകുപ്പിനെയും സമൂഹത്തിനു മുമ്പില്‍ മോശക്കാരാക്കിയ ഉദ്യോഗസ്ഥരെ രക്ഷിക്കുക എന്ന വഴിവിട്ട നടപടിയിലേക്ക് വകുപ്പു പോകുന്നു എന്ന സംശയമാണ് ഉണ്ടാകുന്നത്.

മദ്യപിക്കുന്നവര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യപിക്കാന്‍ അവകാശവുമുണ്ട്. പക്ഷെ, ഡ്യൂട്ടിയിലായിരിക്കെ യൂണിഫോമിട്ടിരിക്കെ മദ്യപിക്കുമ്പോള്‍, അതിനൊരു പ്രശ്‌നമുണ്ട്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങുന്നവര്‍, മദ്യത്തിനും മയക്കു മരുന്നിനുമെതിരേ സര്‍ക്കാരിന്റെ സംവിധാനമായി പ്രവര്‍ത്തിക്കുന്നവര്‍ പരസ്യമായി അത് ചെയ്യുമ്പോള്‍ തലകുനിക്കേണ്ടി വരുന്നത് എക്‌സൈസ് വകുപ്പും സര്‍ക്കാരുമാണ്. ഈ ഫോട്ടോയിലെ ഉദ്യോഗസ്ഥരുടെ മുഖം മറച്ചതുതന്നെ എക്‌സൈസ് വകുപ്പിനെ സംരക്ഷിക്കാനാണ്. മുഖമുള്ള ഫോട്ടോ വെയ്ച്ചാല്‍ ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നുറപ്പാണ്. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അത്രമാത്രം.
ഡ്യൂട്ടി സമയത്ത് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബാര്‍ഹോട്ടലില്‍ എത്തുന്നത്, റെയ്ഡിനു വേണ്ടിയാണെന്ന ധാരണ പൊതുജനങ്ങള്‍ക്ക് ഇല്ലാതായി. മദ്യപിക്കാനും, അവരുടെ സത്ക്കാരം വാങ്ങാനുമാണെന്ന് മനസ്സിലാക്കി തുടങ്ങി. എന്തുകൊണ്ടാണ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാര്‍ ഹോട്ടലുകാരുടെ സത്ക്കാരങ്ങള്‍ സ്വീകരിക്കുന്നത്. അവര്‍ തമ്മില്‍ എന്തു ബന്ധമാണുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് മദ്യം ഒഴിച്ചു കൊടുക്കാന്‍ ബാര്‍ ഹോട്ടലുകാര്‍ക്ക് എങ്ങനെയാണ് ധൈര്യം വരുന്നത്. ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കുന്നതും, ലൈസന്‍സ് പുതുക്കുന്നതും, റെയ്ഡു ചെയ്യുന്നതുമൊക്കെ എക്‌സൈസുകാരാണല്ലേ. അതുകൊണ്ട് പൊതു ജനത്തിന് ഈ സത്ക്കാരത്തിന്റെ പിന്നിലെ ഉദ്ദേശം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ട. പണം കൊടുത്തല്ല, ഒശാരത്തിനാണ് മദ്യം കുടിച്ചതെന്ന് പകല്‍പോലെ വ്യക്തമല്ലേ.

മാത്രമല്ല, രണ്ടു വനിതാ ഉദ്യോഗസ്ഥരും കൂടെയുണ്ട്. മദ്യത്തിന്റെ വീര്യം പോലെത്തന്നെ മദ്യം കഴിക്കുന്നതിന്റെ സെല്‍ഫി എടുക്കാനും വീര്യം കാണിച്ചത് ഉദ്യോഗസ്ഥരും ബാര്‍ഹോട്ടല്‍ അധികൃതരും തമ്മിലുള്ള പരസ്പര ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട്. മാത്രമല്ല, പരസ്പരം ആരും ഒറ്റു കൊടുക്കാതിരിക്കാനും ഈ ഫോട്ടോ ഉപകരിക്കുമെന്ന ബുദ്ധിയും പ്രവര്‍ത്തിച്ചിച്ചുണ്ടെന്നു വേണം കരുതാന്‍. ഒറിജിനല്‍ ഫോട്ടോയാണെന്ന് മദ്യപിച്ചവര്‍ക്ക് ഉറപ്പുള്ളതു കൊണ്ടും, ഫോട്ടോയുടെ ഒറിജിനല്‍ ആരുടെയെങ്കിലും കൈയ്യിലുണ്ടോ എന്നറിയാനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലാണ് നടക്കുന്നത്. മദ്യപാനവും അടിച്ചു പൂസായിരിക്കുന്നതും സെല്‍ഫിയും, ഹോട്ടല്‍ മുതലാളി മദ്യം ഒഴിച്ചു കൊടുക്കുന്നതുമെല്ലാം ഒറിജിനല്‍ ഫോട്ടോ തന്നെയാണ്.
മുഖമുള്ള ഫോട്ടോകള്‍ പുറത്തു വരുന്നതു വരെ AI എന്നും, ഫോട്ടോ എങ്ങനെ പുറത്തു വന്നുവെന്നും, വാര്‍ത്ത കൊടുത്തത് ആരെന്നുമൊക്കെയുള്ള ഉപരിപ്ലവമായ അന്വേഷണവും തിരച്ചിലും, ഓട്ടവുമൊക്കെ നടക്കട്ടെ. പക്ഷെ, സത്യം എന്നത് ഒരിക്കലും മറച്ചുവെക്കാനാവില്ല എന്നു മനസ്സിലാക്കുക. തെറ്റു ചെയ്തവര്‍ക്ക്, തങ്ങള്‍ തെറ്റാണ് ചെയ്തതെന്ന ബോധ്യമുണ്ട്. ആ തെറ്റ്, എല്ലാക്കാലത്തും ഒളിച്ചുവെയ്ക്കാനാവില്ല എന്നുമറിയാം. അതിന് പുറത്തു വന്നേ മതിയാകൂ. പക്ഷെ, ഇവിടെ തെറ്റു ചെയ്തിരിക്കുന്നത്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല എന്നതാണ് വസ്തുത. ആ ബാര്‍ഹോട്ടല്‍ അധികൃതരും പങ്കാളികളാണ്. എന്തുകൊണ്ടാണ് യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ മദ്യം വിളമ്പിയത്.
അപ്പോള്‍ ആ ഹോട്ടലുകാരും തെറ്റുകാരാണ്. നിയമപരമായി നടത്തുന്ന ഹോട്ടലാണെങ്കില്‍, ഉദ്യോഗസ്ഥര്‍ക്ക് നിയമവിരുദ്ധമായി മദ്യ സത്ക്കാരം നടത്തരുതായിരുന്നു. ‘ഡ്യൂട്ടി കഴിഞ്ഞ്, യൂണിഫോം അഴിച്ചു വെച്ചിട്ട് വന്ന് മദ്യപിക്കൂ’ എന്നു പറയാമായിരുന്നു. എന്നാല്‍, ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടലുകാര്‍ മദ്യം ഒഴിച്ചു കൊടുക്കുന്നു. മദ്യം ഒഴിച്ചു കൊടുന്ന ആളെയും ഹോട്ടല്‍ ഏതാണെന്നും എക്‌സൈസ് വകുപ്പിനറിയാം. ആ ഹോട്ടലിനെതിരേയും നടപടി ഉണ്ടാകുമെന്നു തന്നെയാണ് കരുതേണ്ടത്. കാരണം, തെറ്റ് ഹോട്ടലുകാരുടെയും ഭാഗത്തുണ്ട്. അന്വേഷണവും നടപടികളും നേരായ രീതിയിലല്ല നടക്കുന്നതെങ്കില്‍ വാര്‍ത്തയുടെ ‘മുഖം’ മാറും.
CONTENT HIGH LIGHTS; Which bar hotel hosted the excise officials?: Will the department protect or punish those who drowned Khaki in alcohol?; Will those who have given up alcohol tell the truth?
















