വിശ്വാസമാണ് ഏതൊരു കുടുംബത്തിന്റെയും അടിത്തറ. എന്നാൽ ആ വിശ്വാസത്തിന് മേൽ ചതിയുടെ കരിനിഴൽ വീഴുമ്പോൾ തകരുന്നത് കേവലം ഒരു ബന്ധം മാത്രമല്ല, ഒരുപിടി മനുഷ്യരുടെ ജീവിതം കൂടിയാണ്. സ്നേഹിച്ചു കൂടെക്കൂട്ടിയ ആളെ ചതിച്ച് മറ്റൊരാളിലേക്ക് ചേക്കേറുന്നവർ അറിയുന്നില്ല, തങ്ങൾ ഇല്ലാതാക്കുന്നത് ഒരു നിഷ്കളങ്കന്റെ ജീവനും സ്വന്തം മക്കളുടെ ഭാവിയുമാണെന്ന്. കൊടുംവിഷത്തേക്കാൾ മാരകമായ ഇത്തരം വഴിവിട്ട ബന്ധങ്ങൾ ഇന്ന് സമൂഹത്തിൽ ഒരു കാൻസർ പോലെ പടരുകയാണ്.
തനിക്ക് പ്രിയപ്പെട്ടവനെ സ്വന്തമാക്കാൻ തന്നെ വിശ്വസിച്ച ഭർത്താവിനെ ഇല്ലാതാക്കാൻ മടിക്കാത്ത ഒരു ക്രൂരതയുടെ കഥയാണിത്. 2025-ൽ തെലങ്കാനയെ നടുക്കിയ ആ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ആരും പ്രതീക്ഷിക്കാത്ത ഒരിടത്തുനിന്നായിരുന്നു. അയൽവാസി യാദൃശ്ചികമായി പകർത്തിയ ഒരു ഫോട്ടോ എങ്ങനെയാണ് ഒരു കൊടും ചതിയുടെ കഥ ലോകത്തോട് വിളിച്ചുപറഞ്ഞത്? ആ നടുക്കുന്ന സത്യം ഇങ്ങനെ.
തെലങ്കാനയിലെ മക്‌ലൂർ ഗ്രാമത്തിലെ ഏവരുടെയും പ്രിയങ്കരനായിരുന്നു ഇൻഷുറൻസ് ഉദ്യോഗസ്ഥനായ രമേഷ്. മൂന്ന് മക്കളും ഭാര്യ സൗമ്യയും അടങ്ങുന്ന സന്തോഷകരമായ കുടുംബം. 2025 ഡിസംബർ 19-ന് രാത്രിയും പതിവുപോലെ ജോലി കഴിഞ്ഞ് വന്ന രമേശ് കുറച്ചു നേരം കുട്ടികൾക്കൊപ്പം ചിലവഴിച്ച ശേഷം ഭാര്യ സൗമ്യ തനിക് ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തന്നെ വിളമ്പി. എന്നാൽ, സ്നേഹത്തോടെ അവൾ നൽകിയ ആ ഭക്ഷണത്തിൽ മരണത്തിന്റെ മരുന്നുകൾ കലർന്നിട്ടുണ്ടാകുമെന്ന് ആ പാവം മനുഷ്യൻ അറിഞ്ഞില്ല. 15 ഓളം ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം കഴിച്ച രമേഷ് പെട്ടെന്നുതന്നെ അഗാധമായ ഉറക്കത്തിലേക്ക് വഴുതിവീണു.
പിറ്റേന്ന് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീട്ടിലെ ജോലികളിൽ മുഴുകിയ സൗമ്യ, ഏഴുമണിയോടെ രമേഷിനെ വിളിക്കാനായി മുറിയിലെത്തി. അനക്കമില്ലാത്ത ഭർത്താവിനെ കണ്ട് അവൾ വാവിട്ടു നിലവിളിച്ചു. അയൽവാസികൾ ഓടിക്കൂടി. ശരീരം ഐസ് പോലെ തണുത്തിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ മുൻപേ ഉണ്ടായിരുന്നതിനാൽ ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ആ സംശയം ശരിവെച്ചു. സൗമ്യയുടെ ആർത്തനാദവും തളർച്ചയും കണ്ട് കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു.
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ഒരുക്കുന്നതിനിടെ അയൽവാസിയായ അനിത എന്ന സ്ത്രീ തന്റെ ഫോണിൽ ഒരു ചിത്രം പകർത്തി. ഇസ്രായേലിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവിന് അയച്ചു കൊടുക്കാനായിരുന്നു അത്. എന്നാൽ ആ ചിത്രം പരിശോധിച്ച ആ യുവതിയുടെ ഭർത്താവ് ഒരു കാര്യം ശ്രദ്ധിച്ചു; രമേഷിന്റെ കഴുത്തിലെ അസ്വാഭാവികമായ പാടുകൾ. ആരോഗ്യവാനായിരുന്ന സുഹൃത്തിന്റെ മരണം അവിശ്വസനീയമായി തോന്നിയ അദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സംശയത്തിന്റെ നിഴൽ സൗമ്യയിലേക്ക് നീളുന്നത്.
ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. തഹസിൽദാരുടെയും മജിസ്‌ട്രേറ്റിന്റെയും അനുമതിയോടെ മൂന്നു ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്തു. പിന്നീട് വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഗ്രാമത്തെ ഞെട്ടിക്കുന്നതായിരുന്നു. രമേഷിന്റേത് സ്വാഭാവിക മരണമല്ല, മറിച്ച് കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞു.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ സൗമ്യയുടെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവന്നു. കറന്റ് ചാർജ് ലാഭിക്കാനാണ് സിസിടിവി ഓഫ് ചെയ്തതെന്ന അവളുടെ മൊഴി പോലീസ് വിശ്വസിച്ചില്ല. സൗമ്യയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ദിലീപ് എന്ന യുവാവുമായി അവൾ പുലർച്ചെ വരെ സംസാരിച്ചിരുന്നതായി കണ്ടെത്തി.
സൗമ്യ ജോലി ചെയ്തിരുന്ന സ്കൂളിലെ കായിക അധ്യാപകനായിരുന്നു ദിലീപ്. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം രമേഷ് മുൻപ് കണ്ടുപിടിക്കുകയും സൗമ്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ദിലീപിനൊപ്പം ജീവിക്കാനുള്ള മോഹവും രമേഷിന്റെ പേരിലുള്ള 2.25 കോടി രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാനുള്ള അത്യാഗ്രഹവും അവളെ ക്രൂരമായ പ്ലാനിംഗിലേക്ക് നയിച്ചു. മുമ്പൊരിക്കൽ കാറപകടത്തിലൂടെ രമേഷിനെ വകവരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഒടുവിൽ ദിലീപിന്റെയും കസിൻ അഭിഷേകിന്റെയും സഹായത്തോടെ ക്വട്ടേഷൻ നൽകി രമേഷിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
സ്നേഹിച്ചവന്റെ നെഞ്ചിൽ കഠാരയിറക്കിയും മക്കളുടെ ഭാവി ഇരുട്ടിലാക്കിയും സ്വന്തം സുഖത്തിനായി നീങ്ങിയ സൗമ്യയും കാമുകനും ഇപ്പോൾ അഴികൾക്കുള്ളിലാണ്. ഒരു ചെറിയ ഫോട്ടോ ഇല്ലായിരുന്നെങ്കിൽ ഈ കൊടുംക്രൂരത എന്നും ഒരു രഹസ്യമായി അവശേഷിക്കുമായിരുന്നു.
















