കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെത്തിയ സുനിത വില്യംസ് കോഴിക്കോട്ടെ ‘ഫലൂഡ നേഷൻ’ സന്ദർശിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ലോകത്തെ വിസ്മയിപ്പിച്ച ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഫലൂഡ ആസ്വദിച്ച് കഴിക്കുന്നത് വൈകാതെ വൈറൽ ആയി.
“ഒരിക്കലും മറക്കാനാവാത്ത നിമിഷം” എന്നാണ് സുനിത വില്യംസിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചുകൊണ്ട് ഫലൂഡ നേഷൻ കുറിച്ചത്. ബഹിരാകാശ ലോകത്തെ വിസ്മയത്തിന് തങ്ങളുടെ ഫലൂഡ വിളമ്പാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു. “അങ്ങു ദൂരെ ബഹിരാകാശത്തു നിന്ന് ഞങ്ങളുടെ കുഞ്ഞു സ്റ്റോറിലേക്ക് സുനിത എത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോഴും ആ വിസ്മയത്തിലാണ്…”
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഫലൂഡ നേഷൻ പറഞ്ഞു.ഫലൂഡയുടെ രുചി ആസ്വദിച്ച് കഴിക്കുന്ന സുനിത വില്ല്യംസിനെ വിഡിയോയില്‍ കാണാം. ഫലൂഡ നേഷന്റെ പോസ്റ്റ് വൈറലായതോടെ രസകരമായ കമന്റുകളുമായി ഒട്ടേറെ ആളുകളാണ് രംഗത്തെത്തിയത്. ഒരു തരി പോലും ജാഡയില്ലാതെ സാധാരണക്കാരുടെ ഇടയിൽ ഇരിക്കുന്ന സുനിതയുടെ എളിമയെയാണ് എല്ലാവരും പുകഴ്ത്തുന്നത്. “ആകാശം തൊട്ട ആൾക്ക് ഇല്ലാത്ത ജാഡയാണ് ഇന്നലെ തുടങ്ങിയ ചില സെലിബ്രിറ്റികൾക്ക്” എന്ന് ഒരാൾ കുറിച്ചപ്പോൾ, “മനുഷ്യർ ഉള്ള കാലത്തോളം നിലനിൽക്കുന്ന പ്രൊമോഷൻ ആണിത്” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ സന്ദർശിച്ച ഹോട്ടലിലെ ടേബിൾ റിസർവ് ചെയ്തതുപോലെ, ഇവിടെ സുനിത ഇരുന്ന കസേരയും മേശയും ഇനി ആരും ഇരിക്കാത്ത വിധം മാറ്റിവയ്ക്കണം എന്ന് വരെ ചിലർ ആവശ്യപ്പെടുന്നു. “ആ ഗ്ലാസും സ്പൂണും പ്ലേറ്റും ഒക്കെ എടത്ത് വെച്ചോ ആവിശ്യം വരും” എന്ന് ഒരാള്‍ പറയുന്നു.
തഗ്ഗ് കമന്റുകൾക്കും കുറവൊന്നുമില്ല. “നാസയിൽ ഇനി ഒരു ഫലൂഡ കട തുടങ്ങാൻ കോൺട്രാക്ട് എടുത്തോ” എന്നാണ് ഒരു വിരുതന്റെ ചോദ്യം. ബഹിരകാശത്തു പോയ ഒരാൾ നടത്തുന്ന മന്തി കടയിൽ വരാൻ കഴിയോ എന്നും ഒരാള്‍ തമാശയായി ചോദിക്കുന്നുണ്ട്.
















