പല രോഗങ്ങൾക്കുമുള്ള മികച്ചൊരു പ്രതിവിധിയാണ് അത്തിപ്പഴം. രുചികരമാകുന്നതിനു പുറമേ ധാരാളം ഭക്ഷണ നാരുകളും ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളും വിറ്റാമിനുകളും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം രുചികരമാണെന്നു മാത്രമല്ല ആരോഗ്യകരവുമാണ്.
ഡ്രൈഫ്രൂട്ട് ആയാണ് ഇത് കൂടുതലും കഴിക്കാറ്. ഇവ പച്ചയ്ക്കോ വെള്ളത്തിൽ കുതിർത്തോ കഴിക്കാം. മധുരമുള്ളതു കൊണ്ടു തന്നെ പഞ്ചസാരയ്ക്കുപകരം ഇവ ഡെസർട്ടുകളിലും ഉപയോഗിക്കാം. തണുപ്പുകാലത്ത് അത്തിപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം. കുടലിനെ ശുദ്ധിയാക്കുന്ന സോല്യുബിൾ, ഇൻസോല്യുബിൾ ഫൈബർ ധാരാളമടങ്ങിയ അത്തിപ്പഴത്തെ ഒരു സൂപ്പർഫുഡ് എന്നും വിശേഷിപ്പിക്കാം.
ഉണക്ക അത്തിപ്പഴത്തിൽ അഞ്ച് ഗ്രാമോളം ഭക്ഷ്യനാരുകളുണ്ട്. ഇത് മലബന്ധമകറ്റാൻ സഹായിക്കും. ബവൽ ഹെൽത്ത് മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. പ്രീബയോട്ടിക് ഗുണങ്ങളുള്ള അത്തിപ്പഴം ഉദരത്തിലെ നല്ല ബാക്ടീരിയകൾക്കും ഗുണം ചെയ്യും. അത്തിപ്പഴത്തിലടങ്ങിയ നാരുകൾ വൻകുടലിന്റെ ആരോഗ്യം നിലനിർത്തുകയും ശരീരത്തിൽ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും. അത്തിപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ്ങ് (വയറു കമ്പിക്കൽ) കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
പ്രമേഹരോഗികൾക്കും പ്രീഡയബറ്റിക് ആയവർക്കും അത്തിപ്പഴം ഏറെ നല്ലതാണ്. ശരീരം പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കാനും ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാനും അത്തിപ്പഴം സഹായിക്കും. ഗ്ലൈസെമിക് ഇൻഡക്സ് താരതമ്യേന കുറവായ അത്തിപ്പഴത്തിൽ പോളിഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും ഉള്ളവരിൽ ഫാസ്റ്റിങ്ങിലെ ബ്ലഡ്ഷുഗർ കുറയ്ക്കാൻ അത്തിപ്പഴത്തിനും അത്തിയിലയുടെ സത്തിനും കഴിയും എന്ന് പഠനങ്ങൾ പറയുന്നു. ഭക്ഷണത്തോടൊപ്പം രണ്ടോ മൂന്നോ അത്തിപ്പഴം കഴിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കും.
അത്തിപ്പഴത്തിലടങ്ങിയ നാരുകളും പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. കൂടാതെ രക്തസമ്മർദം നിയന്ത്രിക്കാനും ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ദിവസവും അത്തിപ്പഴം കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ഇതുവഴി ഉയർന്ന രക്തസമ്മർദം വരാതെ തടയുകയും ചെയ്യും. ഇത് രക്തചംക്രമണം വർധിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കും. കൊഴുപ്പ് കുറയ്ക്കാനുള്ള അത്തിപ്പഴത്തിന്റെ കഴിവ് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും.
















