നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വഴുതക്കാട് ട്രിവാവൻട്രം ക്ലബിന് സമീപത്താണ് അപകടം. വാഹനം ഓടിച്ചത് താൻ തന്നെ ആണെന്ന് സ്ഥിരീകരിച്ച് മണിയൻ പിള്ള രാജു രംഗത്ത് എത്തി.
ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അതിവേഗത്തിലെത്തിയ ബൈക്ക് കാറിന് പിന്നിലിടിക്കുകയായിരുന്നുവെന്നും, ഭയം മൂലമാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇന്ന് തന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദീകരണം നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർ ചികിത്സയിലാണ്. നിവേദിതിന്റെ കാലുകൾക്ക് ഒടിവും സൂരജിന്റെ നട്ടെല്ലിന് പരിക്കുമുണ്ട്.
ഇന്നലെ രാത്രി പത്ത് മണിയോടെ നടന്ന അപകടത്തിൽപ്പെട്ട ‘KL 01 CJ 04’ എന്ന കാറിന്റെ ഉടമസ്ഥൻ സുധീർകുമാർ രാജു (മണിയൻപിള്ള രാജു) ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നിലവിൽ പരിക്കേറ്റവർ കിംസ്, എസ്. മെഡിസിറ്റി എന്നീ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
















