കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപാനം മൂലമോ പ്രമേഹം, അമിതവണ്ണം, തെറ്റായ ഭക്ഷണരീതി തുടങ്ങിയവ മൂലമോ ഫാറ്റി ലിവർ ഉണ്ടാകാം. ഫാറ്റി ലിവർ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ പരിചയപ്പെടാം.
1. മദ്യം
കരളിന് ഏറ്റവും ദോഷം ചെയ്യുന്ന ഒന്നാണിത്. ചെറിയ അളവിലാണെങ്കിൽ പോലും ഇത് കരളിലെ കോശങ്ങളെ നശിപ്പിക്കുകയും ഇൻഫ്ലമേഷൻ കൂട്ടുകയും ചെയ്യും. ഫാറ്റിലിവർ രോഗമുള്ളവർ മദ്യം ഉപയോഗിച്ചാൽ വേഗത്തിൽ ലിവർ സീറോസിസ് വരാനും കരളിന്റെ പ്രവർത്തനം തകരാറിലാവാനും ഇടയാക്കും.
2. വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങളിൽ പൂരിത കൊഴുപ്പും കാലറിയും വളരെ കൂടുതലാണ്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ശരീരഭാരം കൂട്ടാൻ കാരണമാകുകയും ഇതുവഴി കൊഴുപ്പിനെ ശരിയായി പ്രോസസ് ചെയ്യാൻ ശരീരത്തിനു പ്രയാസമാകുകയും ചെയ്യും. പതിവായി വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗം ഗുരുതരമാക്കും.
3. അമിതമായി സോഡിയം
സോഡിയ (ഉപ്പ്)ത്തിന്റെ അളവ് കൂടുന്നത് രക്തസമ്മർദം വർധിപ്പിക്കും. കരൾരോഗം ഉള്ളവരിൽ സോഡിയം അമിതമാകുന്നത് വീക്കമുണ്ടാക്കും. ഫ്ലൂയ്ഡ് റിറ്റൻഷനും കരളിന് ക്ഷതമുണ്ടാക്കാനും ഇത് കാരണമാകും. കരളിനെയും ഹൃദയത്തെയും സംരക്ഷിക്കാൻ സോഡിയത്തിന്റെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്.
4. സംസ്ക്കരിച്ച ധാന്യങ്ങൾ
വൈറ്റ് ബ്രഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയവ റിഫൈൻ ചെയ്ത ധാന്യങ്ങളിൽ നിന്നാണുണ്ടാക്കുന്നത്. ഇവയിൽ നാരുകൾ ഒട്ടും ഉണ്ടാകില്ല. നാരുകൾ ഇല്ലാത്തതിനാൽ ഇവ വളരെ വേഗം ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് കൂടുകയും ചെയ്യും. ഇത് ക്രമേണ കരളിൽ കൊഴുപ്പ് ധാരാളമായി അടിഞ്ഞു കൂടാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗം വർധിക്കാൻ കാരണമാകും.
5. റെഡ് മീറ്റ്
ബീഫ്, പോർക്ക്, സോസേജ്, ഡെയ്‌ലി മീറ്റ് തുടങ്ങിയവയിൽ പൂരിതകൊഴുപ്പുകളും സോഡിയവും ധാരാളമുണ്ട്. പൂരിത കൊഴുപ്പ് അമിതമാകുന്നത് കരളിലെ ഇൻഫ്ലമേഷൻ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും വർധിപ്പിക്കും. സോഡിയമാകട്ടെ രക്തസമ്മർദം വർധിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തിന് ആയാസമുണ്ടാക്കുകയും ചെയ്യും. പ്രോസസ് ചെയ്ത ഇറച്ചിയിൽ പ്രിസർേവറ്റീവുകളും അഡിറ്റീവുകളും ഉണ്ടാകും. ഇത് കരളിന്റെ ആരോഗ്യം നശിപ്പിക്കും.
















