ആരോഗ്യരംഗത്ത് അടുത്തകാലത്തായി ഉണ്ടായിവരുന്ന ആശുപത്രി ആക്രമണങ്ങളെ തടയുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) സംസ്ഥാന ഘടകത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ സംയുക്ത യോഗം ചേര്‍ന്നു. പോലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യരംഗത്തും നിയമസംരക്ഷണ രംഗത്തും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ എഡിജിപിമാരായ പി. വിജയന്‍, വെങ്കിടേഷ്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് എന്നിവരോടൊപ്പം സംസ്ഥാനത്തെ എല്ലാ സിറ്റി പോലീസ് കമ്മീഷണര്‍മാരും ജില്ലാ പോലീസ് മേധാവികളും പങ്കെടുത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘത്തെ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍. മേനോന്‍ നയിച്ചു.
ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. എ. മാര്‍ത്താണ്ഡപിള്ള, ദേശീയ വൈസ് പ്രസിഡന്റ് ഡോ. രമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആര്‍. സി. ശ്രീകുമാര്‍, I M A തിരുവനന്തപുരം മുന്‍ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രി ആക്രമണങ്ങളുടെ കണക്കുകളും നിലവിലെ നിയമനടപടികളുടെ പുരോഗതിയും അവതരിപ്പിച്ചുകൊണ്ടാണ് കേരള പോലീസ് മേധാവി യോഗം ആരംഭിച്ചത്. വിവിധ കേസുകളുടെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അഡീഷണല്‍ ഡിജിപി ശ്രീ വെങ്കിടേഷും, ആക്രമണങ്ങളുടെ സ്വഭാവവും വെല്ലുവിളികളും സംബന്ധിച്ച് എഡിജിപി ശ്രീ പി. വിജയനും വിശദീകരണം നല്‍കി. ആശുപത്രി ആക്രമണങ്ങള്‍ ചികിത്സാരംഗത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഐഎംഎയുടെ നിര്‍ദ്ദേശങ്ങളും സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍. മേനോന്‍ വിശദമായി അവതരിപ്പിച്ചു. ഐഎംഎ തയ്യാറാക്കിയ പ്രസന്റേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആര്‍. സി. ശ്രീകുമാര്‍ അവതരിപ്പിച്ചു.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ആശുപത്രി ആക്രമണങ്ങള്‍ ഫലപ്രദമായി തടയുന്നതിനും ആരോഗ്യസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി താഴെപ്പറയുന്ന നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുകയും, അവ കൃത്യമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു:
- കേരള പോലീസും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും തമ്മില്‍ കൂടുതല്‍ ശക്തമായ സഹകരണം ഉറപ്പാക്കി ആശുപത്രികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
- എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനോ ആശുപത്രി ആക്രമണ കേസുകള്‍ നേരിട്ട് നിരീക്ഷിക്കുകയും സമയബന്ധിത നടപടി സ്വീകരിക്കുകയും ചെയ്യും.
- ഐഎംഎ ചുമതലപ്പെടുത്തുന്ന ജില്ലാ നേതാവുമായി ബന്ധപ്പെട്ട് ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിനും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്നതിനും ഏകോപനം നടത്തും.
- എല്ലാ ആശുപത്രി ആക്രമണ കേസുകളിലും 2023ലെ ആശുപത്രി സംരക്ഷണ നിയമവും ഭാരതീയ ന്യായസംഹിതയിലെ അനുയോജ്യമായ വകുപ്പുകളും ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യും.
- കുറ്റവാളികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
- ഏതെങ്കിലും കേസില്‍ ബന്ധപ്പെട്ട നിയമവകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അത് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഐഎംഎയോട് പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
- പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷിത മേഖലകളില്‍ കാര്യക്ഷമതയുള്ള സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന് പോലീസ് മേധാവി നിര്‍ദേശിച്ചു.
- ആശുപത്രി അധികൃതരും ഐഎംഎയും ചേര്‍ന്ന് അപകടസാധ്യതയുള്ള സമയങ്ങളും സ്ഥലങ്ങളും തിരിച്ചറിഞ്ഞ് കൃത്യമായി പോലീസിനെ അറിയിക്കണം.
- ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും രോഗികളോടും അവരുടെ ആശ്രിതരോടും ചികിത്സാ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അറിയിക്കേണ്ടതിന്റെ ആവശ്യകതയും പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു.
- പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന പ്രതികളില്‍ അക്രമസ്വഭാവം കാണിക്കുന്നവര്‍ ഉണ്ടെങ്കില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും കൈവിലങ്ങ് ഉപയോഗവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിനും ആരോഗ്യസ്ഥാപനങ്ങളില്‍ സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഇത്തരത്തിലുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍. മേനോന്‍ കേരള പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരനോടും അദ്ദേഹത്തിന്റെ സംഘത്തോടും ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി.
















