റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ ഇത്തരമൊരു കാര്യം പ്രഖ്യാപിച്ചിട്ടില്ലെന്ന് ലാവ്‌റോവ് പറഞ്ഞു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാറുകൾ അപകടത്തിലായെന്ന് കരുതുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞു. ഉപരോധങ്ങളും തീരുവ ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായുള്ള വ്യാപാര കരാർ, ഇന്ത്യാ- റഷ്യ ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏറെ സാധ്യതകൾ ഉള്ള വലിയ വ്യാപാരബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്ന് സെർജി റിയാബ്കോവ് വ്യക്തമാക്കി.
















