വാഷിങ്ടൻ: അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലെയോയെന്ന് നമുക്ക് എല്ലാവർക്കുമുള്ള ഒരു സംശയമാണ്. നിരവധി സിനിമകൾ അന്യഗ്രഹ ജീവികളെ കുറിച്ചുണ്ട്. ഇപ്പോഴിതാ അവ ഉണ്ടെന്ന് തുറന്നു പറഞ്ഞ് യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. എന്നാൽ അന്യഗ്രഹജീവികൾ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അവ യഥാർഥ്യമാണ്’ എന്നായിരുന്നു ഒബാമയുടെ മറുപടി. ‘‘ഞാൻ അവരെ കണ്ടിട്ടില്ല. അവർ ഏരിയ 51ൽ ഒളിച്ചിരിക്കുകയല്ല. അവിടെ ഭൂഗർഭ സൗകര്യമില്ല. അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം’’ – ഒബാമ പറഞ്ഞു.
നെവാഡയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള യുഎസ് വ്യോമസേനാ താവളമാണ് ഏരിയ 51. അന്യഗ്രഹ ജീവികളെയോ അവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെയോ സർക്കാർ അവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ നിലവിലുണ്ട്.
അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ സംസാരിക്കുന്നത് ഇതാദ്യമായല്ല. 2021 ലെ മറ്റൊരു അഭിമുഖത്തിലും അദ്ദേഹം ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അന്യഗ്രഹജീവികളുടെ കാര്യത്തിൽ ക്യാമറയ്ക്ക് മുന്നിൽ പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നായിരുന്നു ഒബാമ പറഞ്ഞത്. ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കൾ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കൽ രീതി വിശദീകരിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















