അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക, അശാസ്ത്രീയമായ പെന്‍ഷന്‍ സീലിംഗ് പരിഷ്‌കരിക്കുക, മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുക, മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 2025 ജൂലൈ 1 മുതല്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിറ്റിഎ) നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. അധികാരികളുമായും ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുമായും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ സംഘടന സമരം ശക്തമാക്കി. എന്‍ട്രി കേഡറിലെ ശമ്പളക്കുറവ് ഭാഗികമായെങ്കിലും പരിഹരിച്ചത് മാത്രമാണ് അല്പമെങ്കിലും ആശ്വാസകരമായത്.
എന്നാല്‍ 2016 മുതല്‍ നല്‍കേണ്ട ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉള്‍പ്പെടെയുള്ള മറ്റു ആവശ്യങ്ങളില്‍ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മറ്റ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കുവാന്‍ ഉത്തരവിറക്കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചു. നിയമോപദേശം തേടി ഭാഗികമായെങ്കിലും ശമ്പള കുടിശ്ശിക നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് കെജിഎംസിറ്റിഎ സമരം ശക്തമാക്കുവാന്‍ നിര്‍ബന്ധിതമായത്.
ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുകയാണ്. 21 ദിവസമായി തുടരുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിനും ഫലമുണ്ടായിട്ടില്ല. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നു. 2026 ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും ആരംഭിച്ചു. ഒ.പി.കളില്‍ നിന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ വിട്ടുനിന്നു. പി.ജി. വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഒ.പി.യില്‍ എത്തിയ രോഗികളെ പരിശോധിച്ചത്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ നിഷ്‌ക്രിയത്വവും വിശ്വാസവഞ്ചനയും കാരണം നടത്തേണ്ടി വന്ന സമരത്തില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ കെജിഎംസിറ്റിഎ ഖേദം പ്രകടിപ്പിക്കുന്നു. അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയകള്‍, ഐ.സി.യു., പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍, അടിയന്തിര ലബോറട്ടറി സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും ധര്‍ണ്ണ നടത്തി. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചു. ധര്‍ണ്ണയില്‍ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു, സെക്രട്ടറി ഡോ. ഷെഫ്‌ന എന്നിവര്‍ പങ്കെടുത്തു. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടന്നു. കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുള്‍ ബാസിത്ത്, ആലപ്പുഴ ഡോ. സജയ്, തൃശ്ശൂര്‍ ഡോ. ബിനോയ്, കൊല്ലം ഡോ. ആശ കെ.എസ്., കോന്നി ഡോ. രതീഷ്, ഇടുക്കി ഡോ. രാം കുമാര്‍, എറണാകുളം ഡോ. മിനു മോഹന്‍, മഞ്ചേരി ഡോ. റെനി ഐസക്ക്, കണ്ണൂര്‍ ഡോ. ബിജോണ്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍, കോളേജ് യൂണിയന്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, പി.ജി. വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധര്‍ണ്ണയില്‍ പങ്കെടുത്തു.
ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് തീരുമാനം എടുക്കാത്ത പക്ഷം ഫെബ്രുവരി 19 മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രോസീജറുകളും നിര്‍ത്തുവാന്‍ സംഘടന നിര്‍ബന്ധിതമാകും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നും സംഘടന വിട്ടുനില്‍ക്കുന്നതാണ്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിലനില്‍പ്പിനും ആശുപത്രികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ്. ഈ സമരത്തോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും, അടിയന്തിര ചികിത്സ ഒഴിച്ച് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും സംഘടന അഭ്യര്‍ത്ഥിക്കുന്നു. അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ന്യായമായ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനം എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
















