കൊല്ലത്തു കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദ്ദിച്ചു. ഫുട്ബോർഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മർദ്ദനത്തിന് പുറമെ കണ്ടക്ടറുടെ മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായ മുഖത്തല സ്വദേശി വിനുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയോടെയാണ്സംഭവം ഉണ്ടായത്. ബസ് യാത്രയ്ക്കിടെ ഫുട്ബോർഡിൽ അപകടകരമായ രീതിയിൽ നിന്ന അരുണിനോട് സുരക്ഷിതമായി ഉള്ളിലേക്ക് കയറി നിൽക്കാൻ കണ്ടക്ടർ വിനു ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ അരുൺ കണ്ടക്ടറോട് തർക്കിക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. അക്രമത്തിനിടെ ഇയാൾ വിനുവിന്റെ മുഖത്ത് കടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവം നടന്നയുടൻ തന്നെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞെത്തിയ കുണ്ടറ പോലീസ് പ്രതിയായ അരുണിനെ ഉടൻ കസ്റ്റഡിയിലെടുത്തു.
















