പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ദമ്പതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം സ്വദേശികളായ അലക്സ് കെ.ജെ. റോബിൻ (36), കവിത (37) എന്നിവരെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി അലക്സിന് ആറ് വർഷവും ഏഴ് മാസവും, രണ്ടാം പ്രതി കവിതയ്ക്ക് എട്ട് വർഷവും ഏഴ് മാസവും കഠിനതടവാണ് കോടതി വിധിച്ചത്.
ഇരുപ്രതികളും 20,000 രൂപ വീതം പിഴയൊടുക്കണമെന്നും വിധിന്യായത്തിലുണ്ട്. പിഴയൊടുക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം. ഈടാക്കുന്ന പിഴത്തുക ഇരയായ കുട്ടിക്ക് നൽകാനും ജഡ്ജി ബി. അരവിന്ദ് ഇടയോടി ഉത്തരവിട്ടു. 2022 ജൂണിനും 2023 മാർച്ചിനും ഇടയിലുള്ള കാലയളവിൽ കൊല്ലം മുണ്ടയ്ക്കലിലെ വാടകവീട്ടിൽ വെച്ചാണ് ദമ്പതികൾ ചേർന്ന് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
നിലവിൽ ശിക്ഷിക്കപ്പെട്ട ഈ ദമ്പതികൾ ഇടുക്കി അടിമാലിയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. അടിമാലി സ്വദേശിനിയായ ഫാത്തിമയെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയാണിവർ. മോഷണത്തിനും പീഡനത്തിനുമടക്കം നിരവധി കേസുകളിൽ പ്രതികളായ ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
















