ബാലതാരമായെത്തി തെന്നിന്ത്യൻ സിനിമാലോകത്ത് മുൻനിര നടിയായി മാറിയ താരമാണ് മീന. 2022 ലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം. നെെനിക ആണ് മകൾ. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹം നടത്താൻ ആളുകൾ മത്സരിക്കുകയാണെന്ന് പറയുകയാണ് നടി മീന. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇപ്പോള്‍ ഏറ്റവും അധികം കേള്‍ക്കുന്നത് എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. കാരണമേ ഇല്ലാതെ എന്റെ രണ്ടാം വിവാഹമാണ് എല്ലാവരുടെയും വിഷയം. എന്തെങ്കിലും ഒരു കാരണം ഉണ്ടെങ്കില്‍, അല്ലെങ്കില്‍ അങ്ങനെ ആരെങ്കിലും എന്റെ ജീവിതത്തിലുണ്ടെങ്കില്‍ പറയുന്നു എന്നത് സാരമില്ല എന്ന് വയ്ക്കാമായിരുന്നു. പക്ഷേ ഇത് അങ്ങനെ അല്ലല്ലോ. എനിക്കൊരു മകളുണ്ടെന്നും അവൾ ഇതെല്ലാം കാണുമെന്നും ഈ അഭ്യൂഹം പ്രചരിക്കുന്നവർ ഓർക്കുന്നില്ല.
വെറുതേ എന്തെങ്കിലും എഴുതുകയാണ്. ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടും ശല്യപ്പെടുത്തലുമാണ്, എന്നാണ് എന്റെ ക്ഷമ വീടുന്നത് എന്നറിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്,’ മീന പറഞ്ഞു.
ഞാൻ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരാളാണ്. സന്തോഷത്തോടെ ഇരിക്കാനാണ് എനിക്കിഷ്ടം. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി മനസ് മടുപ്പിക്കാൻ ഞാൻ തയ്യാറല്ല. ഇപ്പോൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. എന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകൾക്ക് അവർ അനുഭവിച്ചത് നേരിൽ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നവരെ കർമ്മം വെറുതെ വിടില്ല,’ നടി പറഞ്ഞു. വിവാഹത്തെക്കുറിച്ച് തന്റെ അഭിപ്രായമാണ് ചോദിച്ചറിയേണ്ടതെന്നും എന്നാൽ തന്നോട് ചോദിക്കാതെ എല്ലാവരും തന്റെ കല്യാണം നടത്താൻ മത്സരിക്കുകയാണെന്നും മീന കൂട്ടിച്ചേർത്തു.
















