സംസ്ഥാനത്ത് ഫെബ്രുവരി 22 മുതൽ 26 വരെ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദമാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം.
അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലും, തുടർന്ന് വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞും സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇതിനുപുറമെ, കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും സമാനമായ രീതിയിൽ ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യത.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് (22/02/2026) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്. അതേസമയം, കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
















