ഒഡിഷ : വിവാഹദിവസം ഭർത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങവെ യുവതിയെ മുൻ കാമുകൻ തട്ടികൊണ്ടുപോയതായി പരാതി. കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം ദമ്പതികൾ നാട്ടിലേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ഒഡീഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
രണ്ട് കൂട്ടാളികൾക്കൊപ്പം എത്തിയ പ്രതി, കാർ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ വരൻ തർഭ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയതായാണ് പരാതിയിൽ പറയുന്നത് . ഞായറാഴ്ച രാവിലെ ബദബന്ദയ്ക്ക് സമീപം തർഭ റോഡിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
















