ബിഗ്ബോസ് താരം അഖിൽ മാരാർക്കെതിരെ വീണ്ടും പരിഹാസവുമായി കലാമണ്ഡലം സത്യഭാമ രംഗത്ത്. ബിഗ് ബോസ് എന്ന മൂന്നാംകിട പരിപാടി ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു ‘നാവാട്ടക്കാരൻ’ മാത്രമാണ് അഖിൽ മാരാരെന്നും സത്യഭാമ പറഞ്ഞു.
‘‘ബിഗ് ബോസ് എന്ന മൂന്നാംകിട പരിപാടി ഒരിക്കൽ പോലും കണ്ടിട്ടില്ല. ഈ പയ്യന്റെ ചെറിയ ചെറിയ അഭിമുഖങ്ങൾ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. കേരളത്തിലെ ‘മനുഷ്യർ’ ആയിട്ടുള്ള ആളുകൾ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലാണ് നീ കാലു വച്ചതെങ്കിലും നൂറ് ശതമാനം നീ കാരണം കോൺഗ്രസിന്റെ കൂടെ നിന്ന് അവരെ നീ പുറകിൽ നിന്നും കുത്തി വീഴ്ത്തി, നിന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി.
ഇപ്പോൾ പറയുന്നു, ബിജെപിയുടെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന്. അങ്ങനെയെങ്കിൽ കോട്ടത്തല അഖിൽ മോനെ നിന്നെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു “നാവാട്ടക്കാരൻ” മാത്രമാണെന്ന് നിന്റെ അമ്മയേക്കാൾ പ്രായമുള്ള എനിക്ക് ഈ കേരള സമൂഹത്തോട് ഒച്ചത്തിൽ വിളിച്ചു പറയേണ്ടതായി വരും.’’–കലാമണ്ഡലം സത്യഭാമയുെട വാക്കുകൾ.
















