ജീവിതപങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ചും, വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ വിശേഷങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ജനപ്രിയ നടി സായ് പല്ലവി.
അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’യുടെ ദീപാവലി പ്രത്യേക എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. നടൻ രൺബീർ കപൂറിനും രവി ദുബേയ്ക്കുമൊപ്പമാണ് സായ് പല്ലവി ഷോയിൽ പങ്കെടുത്തത്.
ഭാവി പങ്കാളിയെക്കുറിച്ചുള്ള ചോദ്യത്തിന്, വലിയ നിബന്ധനകളൊന്നുമില്ലെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കണം എന്നതു മാത്രമാണ് പ്രധാന ആഗ്രഹമെന്നും സായ് പല്ലവി പറഞ്ഞു. അമിത സ്വാർത്ഥതയില്ലാത്ത, സ്വന്തം പ്രവൃത്തികളെ സ്വയം വിലയിരുത്താൻ കഴിവുള്ള ആളായിരിക്കണം അദ്ദേഹം. തെറ്റുകൾ തിരുത്താൻ തയ്യാറുള്ളവരും മറ്റുള്ളവരെ കുറ്റപ്പെടുത്താത്തവരുമാകണം. കൂടാതെ, പാചകം ചെയ്യാനറിയാവുന്ന ആളാണെങ്കിൽ വളരെ സന്തോഷമെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ‘രാമായണ’ത്തിൽ സീതയായാണ് സായ് പല്ലവി വേഷമിടുന്നത്. രൺബീർ കപൂർ രാമനായും, സണ്ണി ഡിയോൾ ഹനുമാനായും, രവി ദുബെ ലക്ഷ്മണനായും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് തിയേറ്ററുകളിൽ എത്തുക.
സംഗീത ലോകത്തെ ഇതിഹാസങ്ങളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമാപ്രേമികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.















