വർഷങ്ങളായി ചലച്ചിത്രരംഗത്ത് സജീവമായി നിൽക്കുന്ന പ്രമുഖ നടി ഖുശ്ബു പോലും ക്യാമറയ്ക്ക് മുന്നിൽ ഭയപ്പെടുന്ന ഒരേയൊരു നടി ഉർവശിയാണെന്ന് വെളിപ്പെടുത്തൽ. ‘മൂക്കുത്തി അമ്മൻ 2’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ഉർവശിയുടെ അതുല്യമായ അഭിനയസിദ്ധിയെക്കുറിച്ച് ഖുശ്ബു വികാരനിർഭരമായി സംസാരിച്ചത്.
ക്യാമറയ്ക്ക് മുന്നിൽ ആരു വന്നാലും തനിക്ക് ഭയമില്ലെങ്കിലും ഉർവശിയോടൊപ്പം സ്ക്രീൻ പങ്കിടുമ്പോൾ ഇപ്പോഴും താൻ ഭയപ്പെടാറുണ്ടെന്ന് താരം തുറന്നുപറഞ്ഞു.
ചില താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയാറുണ്ടെങ്കിൽ, ഉർവശി നമ്മളെ പൂർണ്ണമായി വിഴുങ്ങിക്കളയുകയാണെന്ന് ഖുശ്ബു തമാശരൂപേണ ഓർമ്മിപ്പിച്ചു. സ്ക്രീനിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ അവരിലേക്ക് മാത്രമായി ചുരുങ്ങും.
അതിനുശേഷം ആ ഫ്രെയിമിൽ നമ്മളും ഉണ്ടായിരുന്നുവോ എന്ന് സ്ക്രീനിൽ തിരയേണ്ടി വരും. ആ രീതിയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അവർ കാഴ്ചവയ്ക്കുന്നത്. തങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായുള്ള സൗഹൃദമുണ്ടെന്നും, ഉർവശി തന്നെ ‘കുബു സ്വാമി’ എന്നും താൻ അവരെ ‘പൊടി’ എന്നുമാണ് ചെല്ലപ്പേരിട്ട് വിളിക്കാറുള്ളതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
സിനിമയിൽ മാത്രമല്ല, രാഷ്ട്രീയം ഉൾപ്പെടെ ലോകത്തിലെ എല്ലാ വിഷയങ്ങളിലും ഉർവശിക്ക് വലിയ ധാരണയുണ്ടെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു. കമൽ ഹാസൻ ഉർവശിയെ ‘സിനിമയുടെ എൻസൈക്ലോപീഡിയ’ എന്നാണ് വിളിക്കാറുള്ളതെങ്കിൽ, താൻ അവരെ ‘ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയ’ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്.
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സൗഹൃദത്തിലും വ്യക്തിത്വത്തിലും താൻ കണ്ട അന്ന് തൊട്ട് ഇന്നു വരെ യാതൊരു മാറ്റവും വരാത്ത അപൂർവ്വ വ്യക്തിത്വമാണ് ഉർവശിയെന്നും ഖുശ്ബു സാക്ഷ്യപ്പെടുത്തി.















