ദുബായ്: ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം. ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ആണ് ഡ്രോൺ ആക്രമണം നടന്നത്. ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോൺ അധികൃതർ തടഞ്ഞു. ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ വീണ് ഹോട്ടലിന്റെ പുറംഭാഗത്ത് നേരിയ തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർക്ക് അടിയന്തര ചികിത്സ നൽകിയതായും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എമർജൻസി റെസ്‌പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.
















