പശ്ചിമേഷ്യൻ യുദ്ധം കടുത്തതോടെ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 15 സർവീസ്, തിരുവനന്തപുരത്തേക്ക് എത്തേണ്ട 15 സർവീസ് എന്നിവയാണ് റദ്ദാക്കിയത്.
ഒമാൻ എയർവെയ്സിൻ്റെ മസ്ക്റ്റ്- തിരുവനന്തപുരം സർവീസ് പ്രവർത്തിക്കുന്നുണ്ട്. ഇത് 8.20 നാണ് പുറപ്പെടുക. കണ്ണൂരിൽ നിന്നും നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ താറുമാറായി. നെടുമ്പാശ്ശേരിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 25 വിമാന സർവീസുകളും, തിരിച്ചുള്ള 24 സർവീസുകളുമാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.
എന്നാൽ മസ്കത്ത് – കൊച്ചി – മസ്കത്ത് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് മുതൽ സർവീസ് പുനഃരാരംഭിക്കുന്നത് യാത്രക്കാർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
അതേസമയം, ഷാർജ വിമാനത്താവളം ഭാഗികമായി പ്രവർത്തനം തുടങ്ങിയെങ്കിലും, സൗദിയ എയർലൈൻസ് വിവിധ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ സർവീസുകൾ റദ്ദാക്കിയത് മാർച്ച് 4 വരെ നീട്ടിയിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യസമയത്തെ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
















