‘സേക്രഡ് ഗെയിംസ്’ എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി എൽനാസ് നൗറുസി ഇറാൻ ഭരണകൂടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിക്കുകയും രാജ്യത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കുകയും ചെയ്ത സംഭവത്തെ അവർ അനുകൂലിച്ച് സംസാരിച്ചിരുന്നു. തൻ്റെ എതിർപ്പ് രാജ്യത്തോടല്ല, ഭരണകൂടത്തോടാണെന്ന് അവർ വ്യക്തമാക്കി. നിലവിലെ സർക്കാർ അധികാരത്തിൽ ഉള്ളിടത്തോളം കാലം തനിക്ക് ജന്മനാടായ ഇറാനിലേക്ക് തിരിച്ചുപോകാൻ സാധിക്കില്ലെന്നും നടി കൂട്ടിച്ചേർത്തു.
ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എൽനാസ് നൗറുസി തുറന്നുപറഞ്ഞത്. ഇറാൻ എന്ന രാജ്യവും അവിടത്തെ ജനങ്ങളെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ഇസ്ലാമിക റിപ്പബ്ലിക്കും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് അവർ പറഞ്ഞു. ഇറാനിയൻ ജനതയിൽ ഭൂരിഭാഗവും ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമാണ്. അവരുടെ വിശ്വാസങ്ങൾ ഇസ്ലാമിക റിപ്പബ്ലിക്കിൻ്റെ വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
ഒരിക്കൽ ഇറാനുമായി ഇസ്രയേലിന് നല്ല ബന്ധമുണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ രേഖ എഴുതിയ സൈറസ് ദി ഗ്രേറ്റ് പേർഷ്യനായിരുന്നു. അദ്ദേഹം ജൂതന്മാരെ ബാബിലോണിൽ നിന്ന് മോചിപ്പിച്ചു. ഷാ (മുഹമ്മദ് റെസ പഹ്‌ലവി)യുടെ കാലത്തും അമേരിക്കയുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇസ്രയേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് നിരന്തരം പറയുന്ന ഇസ്ലാമിക റിപ്പബ്ലിക് മാത്രമാണ് പ്രശ്നം. ഒരു മാസം മുൻപ്, ഈ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ധാരാളം ഇറാനിയൻകാർ കൊല്ലപ്പെട്ടെന്നും എൽനാസ് നൗറുസി ചൂണ്ടിക്കാട്ടി.
2022-ൽ 22 വയസുള്ള ഒരു ഇറാനിയൻ കുർദ് യുവതി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്തയാളാണ് എൽനാസ്. ഈ സംഭവത്തെക്കുറിച്ചും അവർ അഭിമുഖത്തിൽ സംസാരിച്ചു.
















