ഉലുവയില കൊണ്ടുള്ള ദോശ തയാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഉലുവചീര : 1 കപ്പ് (അരിഞ്ഞത്)
പച്ചരി: 1 കപ്പ്
ഉഴുന്ന്: 2 ടേബിൾ സ്പൂൺ
ഉലുവ : 1/2 ടീസ്പൂൺ
തേങ്ങ ചിരകിയത്: 1/2 കപ്പ്
പച്ചമുളക്: 2 എണ്ണം (എരിവിനായി)
ഉപ്പ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകി 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർത്ത അരിയും ഉഴുന്നും തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ചീര നന്നായി കഴുകി വെള്ളം കളഞ്ഞ ശേഷം ചെറുതായി അരിയുക. ഇത് നേരിട്ട് മാവിൽ ചേർത്ത് ഇളക്കി ഉപയോഗിക്കാം. (കയ്പ്പ് കുറയ്ക്കണമെന്നുണ്ടെങ്കിൽ ചീര അല്പം എണ്ണയിൽ വഴറ്റിയ ശേഷം മാവിൽ ചേർക്കാവുന്നതാണ്). ദോശക്കല്ല് ചൂടാക്കി അല്പം എണ്ണ പുരട്ടുക. ഒരു തവി മാവ് ഒഴിച്ച് വട്ടത്തിൽ പരത്തുക. അല്പം നെയ്യോ എണ്ണയോ ചുറ്റും ഒഴിച്ചു കൊടുക്കാം. രണ്ട് വശവും മൊരിഞ്ഞു വരുമ്പോൾ എടുക്കാം.
















