തിരുവനന്തപുരം: തനിക്ക് മേൽ ഉന്നയിച്ച ആരോപണം തെളിയിക്കാൻ പി കെ ശശിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. അങ്ങനെ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.
അനധികൃതമായി താൻ സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്നാൽ പൊതുജീവിതം ആരംഭിച്ചത് മുതൽക്ക് ശശിയുടെ സമ്പത്ത് പരിശോധിക്കണം. പാർട്ടിയിൽ നിന്ന് ഇടക്ക് പുറത്തുപോകുകയും തിരിച്ചുവരികയും ചെയ്തിരുന്ന ആളാണ് പി കെ ശശി. ഇത്തരത്തിൽ ഒരാളുടെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും നിസ്സാരമായി അവഗണിച്ചുതള്ളുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.
ചിറ്റൂരിൽ തന്നെപ്പറ്റി അന്വേഷിക്കാൻ ആവശ്യപ്പെട്ടത് പോലെ മണ്ണാർക്കാട് ചെന്ന് ശശിയെ പറ്റിയും അന്വേഷിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു. ശശി ഒന്നിനും പറ്റാത്ത ഒരുത്തനാണ്. തന്റെ പൊതുജീവിതത്തിൽ ഇത്തരം ആരോപണങ്ങളുണ്ടോ എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ശശിയുടെ തീവ്രത ഇനി വി ഡി സതീശൻ അളക്കട്ടെ എന്നും സുരേഷ് ബാബു പറഞ്ഞു.
















