കൊല്ലത്തു ഉത്സവത്തിനിടയിൽ നടന്ന അടിയിൽ മരണം സംഭവിച്ച ഹരികൃഷ്ണന്റെ കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ആറു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടക്കുന്നത്. കുന്നത്തൂർ സ്വദേശി 18 കാരനായ ഹരികൃഷ്ണനും സഹോദരനും ബന്ധുക്കളോടൊപ്പം മരുത്തടി ക്ഷേത്രത്തിലെ ഉത്സവം കാണാൻ എത്തിയതായിരുന്നു. ഈ സമയത്തു മദ്യപിച്ചെത്തിയ പ്രതികൾ ഹരികൃഷ്ണൻ ഘോഷയാത്രപോയപ്പോൾ തങ്ങളുടെ മുമ്പിൽ നിന്നു എന്ന് പറഞ്ഞായിരുന്നു അടി തുടങ്ങിയത്.
ഇതോടെ പ്രശ്നം രൂക്ഷമാകുകയും മദ്യപിച്ചെത്തിയ ആറംഗ സംഘം തടിക്കഷണങ്ങൾ ഉപയോഗിച്ച് ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലക്ക് അടിയേറ്റ ഹരികൃഷ്‌ണൻ സംഭവസ്ഥലത്തു വെച്ച് തന്നെ ബോധം കേട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
















