എരിവും പുളിയും ഉള്ളൊരു അടിപൊളി തമിഴ് സ്റ്റൈൽ പുളിയോദരൈ തയ്യാറാക്കാം. തമിഴ്നാട്ടിലെ അമ്പലങ്ങളിൽ പ്രസാദമായി പലരും ഈ വിഭവം കഴിച്ചിട്ടുണ്ടാകും. ഈ വിഭവത്തെ ടാമറിൻഡ് റൈസ് എന്നും പറയുന്നു.
ചേരുവകൾ
2 കപ്പ് വേവിച്ച അരി
1 കപ്പ് പുളി നീര് (നാരങ്ങാ വലിപ്പം)
3 ടേബിൾസ്പൂൺ എള്ളെണ്ണ
1 ടേബിൾസ്പൂൺ കടുക്
1 ടേബിൾസ്പൂൺ ഉലുവ
½ കപ്പ് നിലക്കടല
10 ചെറിയ ഉള്ളി/1 സവാള
4 അല്ലി വെളുത്തുള്ളി
5 ചുവന്ന മുളക്
1 തണ്ട് കറിവേപ്പില
¼ ടീസ്പൂൺ കായം
¼ ടീസ്പൂൺ മഞ്ഞൾപ്പൊടി
1 ടീസ്പൂൺ ഉപ്പ്
½ ടീസ്പൂൺ ശർക്കരപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം അരിവേവിച്ച് മാറ്റിവയ്ക്കുക. ചെറുനാരങ്ങ വലുപ്പത്തിലുള്ള പുളി ചൂടുവെള്ളത്തിൽ 15 മിനിറ്റ് മുക്കിവയ്ക്കുക. ഉള്ളിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മാറ്റിവെയ്ക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ എന്നിവ ചേർക്കുക. ഇതിലേക്ക് നിലക്കടല ചേർക്കുക. ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ശേഷം അരിഞ്ഞ വെളുത്തുള്ളി, ചുവന്ന മുളക്, കറിവേപ്പില, ഒരു നുള്ള് കായം എന്നിവ ചേർക്കുക. ഇതിലേക്ക് കട്ടിയുള്ള പുളി വെള്ളം ഒഴിക്കുക. മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. പത്ത് മിനിറ്റിനുള്ളിൽ പുളി നീര് കട്ടിയുള്ളതും രുചികരവുമാകും. ഇനി വേവിച്ച ചോറും അല്പം ശർക്കരപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞ തീയിൽ രണ്ടോ മൂന്നോ മിനിറ്റ് ഇളക്കി ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ടാമറിൻഡ് റൈസ് തയ്യാർ.
















