അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കിൽ സത്യങ്ങൾ കുഴിച്ചുമൂടപ്പെടുന്നത് നമ്മുടെ നാട്ടിൽ പുതിയ വാർത്തയല്ല. നിയമവ്യവസ്ഥയെപ്പോലും നിശബ്ദമാക്കാൻ കെൽപ്പുള്ള സ്വാധീനശക്തികൾക്ക് മുന്നിൽ, സാധാരണക്കാരന്റെ നീതിക്കായുള്ള വിലാപം പലപ്പോഴും ഒന്നുമല്ലാതായി മാറുന്നു. തെളിയിക്കപ്പെടാത്തതല്ല, മറിച്ച് ബോധപൂർവ്വം തെളിയിക്കപ്പെടാതെ പോകുന്ന അനേകം കൊലപാതക കഥകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ഒന്നായിരുന്നു 2017 മാർച്ചിൽ കൊച്ചിയിൽ നടന്ന മിഷേൽ ഷാജിയുടെ മരണം.
മാതാപിതാക്കളുടെ ഏക പ്രതീക്ഷയും സ്വപ്നവുമായിരുന്ന ആ പെൺകുട്ടി ഒരു വൈകുന്നേരം ഹോസ്റ്റലിൽ നിന്നിറങ്ങുന്നത് തന്റെ ലക്ഷ്യങ്ങളിലേക്കല്ല, മറിച്ച് മരണത്തിന്റെ കയങ്ങളിലേക്കായിരുന്നു. പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും, ഒൻപത് വർഷങ്ങൾക്കിപ്പുറവും ആ കേസ് ദുരൂഹതയായി തുടരുന്നു. പോലീസിന്റെ തുടക്കത്തിലെ അനാസ്ഥയും, പിന്നീട് നടന്ന അന്വേഷണങ്ങളിലെ മെല്ലെപ്പോക്കും വിരൽ ചൂണ്ടുന്നത് തിരശീലയ്ക്ക് പിന്നിലെ അദൃശ്യമായ ചില കൈകളിലേക്കാണ്. ഒരു പിതാവിന്റെ കണ്ണീരും പോരാട്ടവും അധികാരികളുടെ താല്പര്യക്കുറവിന് മുന്നിൽ തോറ്റുപോകുമ്പോൾ, അവിടെ മരിക്കുന്നത് മിഷേൽ മാത്രമല്ല, നമ്മൾ വിശ്വസിക്കുന്ന നീതിപീഠം കൂടിയാണ്.
പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടി, ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന ലക്ഷ്യവുമായി കൊച്ചിയിലെ സി.എ സ്ഥാപനത്തിൽ പഠിക്കാനെത്തിയ പെൺകുട്ടിയായിരുന്നു മിഷേൽ ഷാജി. മാതാപിതാക്കളുടെ ഏക മകൾ, അവരുടെ സ്വപ്നം. ഏറെ പ്രതിക്ഷയോടും ജീവിതലക്ഷ്യവുമായി അവൾ ചെന്നെത്തിയ സ്ഥലം അവളുടെ മരണത്തിന് തന്നെ കാരണമാകുമെന്ന് അവൾ ഒരിക്കലും കരുതി കാണില്ല. ശരിക്കും 2017 മാർച്ച് 5 ന് സംഭവിച്ചത് എന്ത്?
പതിവ് പോലെ പള്ളിയിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയതായിരുന്നു മിഷേൽ. എന്നാൽ രാത്രി ഏറെയായിട്ടും മകൾ തിരികെ എത്തിയില്ലെന്ന് അറിഞ്ഞ പിതാവ് ഉടൻ തന്നെ പോലീസിനെ സമീപിച്ചു. എന്നാൽ മകളെ കാണാനില്ലെന്ന് പരാതിയുമായി ചെന്ന പിതാവിനെ പോലീസ് മൂന്ന് സ്റ്റേഷനിലേക്കായിരുന്നു പറഞ്ഞയച്ചത്. ആദ്യം വനിതാ സ്റ്റേഷനിൽ ചെന്നപ്പോൾ കസബയിലേക്ക് വിട്ടു, കസബയിൽ നിന്ന് സെൻട്രൽ സ്റ്റേഷനിലേക്ക് അങ്ങനെ മൂന്നിടത്തേക്ക്. അത് എന്തിനായിരുന്നു എന്ന ചോദ്യം ഇന്നും നമ്മെ സംശയിപ്പിക്കുന്നതാണ്. അവസാനം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ “ഒരു പാസ്സ്‌വേർഡ് കിട്ടാനുണ്ട്, എസ്.ഐ വന്നാലേ ലൊക്കേഷൻ പരിശോധിക്കാൻ പറ്റൂ” എന്നായിരുന്നു അവരുടെ മറുപടി. അന്ന് രാത്രി കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മിഷേലിനെ ജീവനോടെ കിട്ടുമായിരുന്നു എന്ന് ആ പിതാവ് ഇന്നും വിശ്വസിക്കുന്നു.
പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മിഷേൽ പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങുന്നതും വ്യക്തമായിരുന്നു. എന്നാൽ അതിനുശേഷം ആ പെൺകുട്ടി എങ്ങോട്ട് പോയി എന്നത് ചോദ്യ ചിഹ്നമാണ്? പിറ്റേന്ന് ഗോശ്രീ പാലത്തിന് സമീപം മിഷേലിന്റെ മൃതദേഹം കണ്ടെത്തി. ആദ്യം തന്നെ പോലീസുകാർ അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായി ശ്രമിച്ചു. എന്നാൽ ആ മൃതദേഹത്തിൽ കണ്ട തെളിവുകൾ മറ്റൊരു കഥയായിരുന്നു പറയുന്നത്. കാരണം മൃതദേഹത്തിലെ കൈമുട്ടിലെ വിരൽപാടുകൾ പരിശോധിച്ച വിദഗ്ദ്ധനായ ഡോക്ടർ ഉമാദത്തന്റെ നിരീക്ഷണം മിഷേലിനെ ആരോ പിന്നിൽ നിന്ന് ബലമായി പിടിച്ചു അമർത്തിയതിന്റെ പാടുകളാണെന്നാണ്.
കായലിൽ 24 മണിക്കൂർ കിടന്ന മൃതദേഹത്തിന്റെ ലക്ഷണങ്ങളൊന്നും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം വെള്ളത്തിൽ വീണത് പോലെ ആയിരുന്നു ആ മൃതദേഹം. അങ്ങനെയെങ്കിൽ ആ രാത്രി മുഴുവൻ മിഷേൽ എവിടെയായിരുന്നു?
പോലീസുകാർ ചെയ്ത മറ്റൊരു കള്ളത്തരമായിരുന്നു മാർച്ച് 5-ന് നൽകിയ പരാതി പോലീസ് സ്വീകരിച്ചത് മാർച്ച് 6-ന് എന്ന ഡേറ്റ് ഇട്ടത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കുടുംബം ആരോപിക്കുന്നു.
കുറച്ചു മാസങ്ങൾക്ക് ശേഷം മിഷേലിന്റെ കാമുകനും ബന്ധുവുമായ ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിഷേലിന്റെ മരണം സംഭവിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും മെസ്സേജ് അയച്ചതായി പോലീസ് കണ്ടെത്തി. എന്നാൽ കൊലപാതകം ചെയ്തത് ക്രോണിന് ആണെന്നതിൽ തെളിവ് ഇല്ലായിരുന്നു. ക്രോണിന് നേരത്തെ മിഷേലിനെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ക്രോണിന് എതിരെ പോക്‌സോ കേസും ചുമത്തി കാരണം ഇവർ പ്രണയത്തിലായത് മിഷേലിന് പ്രായപൂർത്തിയാകാത്ത സമയത്തായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ക്രോണിനെ വെറുതെ വിട്ടു
സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ ഇടപെടലുകൾ ഈ കേസിലുണ്ടെന്ന് കുടുംബം സംശയിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഒൻപത് വർഷങ്ങൾക്കിപ്പുറവും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഒരു സി.എ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം കായലിൽ എറിഞ്ഞതാണെന്ന തെളിവുകൾ നിരത്തി ഷാജി ഇന്നും മുഖ്യമന്ത്രിയുടെയും കോടതിയുടെയും വാതിലുകൾ മുട്ടുകയാണ്.
മിഷേൽ മരിച്ചിട്ട് ഒൻപത് വർഷം തികയുമ്പോഴും ആ പിതാവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നിയമസംവിധാനങ്ങൾ മൗനം പാലിക്കുന്നു. തന്റെ മകൾക്ക് എന്ത് സംഭവിച്ചു എന്ന സത്യം പുറത്തുവരുന്നത് വരെ ഈ പോരാട്ടം തുടരുമെന്ന് ആ പിതാവ് ഉറപ്പിച്ചു പറയുന്നു. ഒരുപക്ഷെ ജനങ്ങൾ എല്ലാം മറക്കുമായിരിക്കും പക്ഷെ തങ്ങളുടെ ജീവനെ തട്ടിപ്പറിച്ചവനെ കണ്ടെത്തുമെന്ന ഉറച്ച തീരുമാനത്തിൽ ഇന്നും ജീവിക്കുകയാണ് ആ പാവം പിതാവ്. ശരിക്കും മിഷേൽ ഷാജി എന്ന ആ പാവം പെൺകുട്ടിക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? ആരായിരിക്കും ഇതിന് പിന്നിൽ? ആ പെൺകുട്ടി മരിക്കുമെന്നത് പൊലീസിന് നേരത്തെ അറിയാവുന്നതുകൊണ്ടാവുമോ പരാതി സ്വീകരിക്കാൻ അവർ നിരസിച്ചത്? ശരിക്കും നമ്മുടെ നാട്ടിൽ പണമുള്ളവർക്ക് വേണ്ടി മാത്രമാണോ നീതിയും നീതിപീഠവും?
















