‘വർഗ്ഗവഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’തുടങ്ങിയ വാചകങ്ങളോടെ ആലപ്പുഴയിൽ സിപിഎം മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പോസ്റ്ററുകളുമായി പാർട്ടി പ്രവർത്തകർ. രക്തസാക്ഷികൾ സിന്ദാബാദ് വിളികളോടെയാണ് അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന് മുൻപിലെ മതിലുകളിൽ പാർട്ടി പ്രവർത്തകർ പോസ്റ്ററുകൾ പതിപ്പിച്ചത്.
അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. വി.എസ്. അച്യുതാനന്ദനോ കെ.ആർ. ഗൗരിയമ്മയ്ക്കോ ലഭിക്കാത്ത വലിയ പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്നും എന്നിട്ടും അദ്ദേഹം പാർട്ടിയെ വഞ്ചിക്കുകയാണെന്നും സഖാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹം പറഞു.
കൂടാതെ സുധാകരന് ഏഴ് തവണ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയിട്ടും എട്ടാം തവണ നൽകാത്തതിലുള്ള വിരോധമാണ് ഇത്തരം നിലപാടുകൾക്ക് പിന്നിലെന്നും പാർട്ടിയെ ദ്രോഹിക്കുന്ന നിലപാടാണ് സുധാകരന്റേതെന്നും അദ്ദേഹം ആരോപിച്ചു. സുധാകരനെതിരെ വരും ദിവസങ്ങളിൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം എന്നും ശ്യാംജി കൂട്ടിച്ചേർത്തു.
















