മുറുക്ക് എല്ലാവര്ക്കും ഇഷ്ട്ടമാണ്. അരിപ്പൊടി കൊണ്ടുള്ള ഈ വിഭവം ഉണ്ടാക്കുന്നതിൻ്റെ രീതിയനുസരിച്ചാണ് പേരും ലഭിച്ചിരിക്കുന്നത്. അരിപ്പൊടിയാണ് ഇതിൻ്റെ പ്രധാന ചേരുവ. എന്നാൽ അത് കൂടുതൽ ക്രിസ്പിയും പോഷകസമ്പന്നവുമാക്കാൻ റാഗിപ്പൊടി കൂടി ചേർക്കാം.
ചേരുവകൾ
റാഗിപ്പൊടി – 2 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
കടലമാവ് – 2 ടേബിൾസ്പൂൺ
ഉപ്പ് – 1 1/2 ടീസ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ
എള്ള് – 2 ടീസ്പൂൺ
വെണ്ണ – 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് രണ്ട് കപ്പ് റാഗിപ്പൊടിയെടുക്കാം. അതിലേയ്ക്ക് അര കപ്പ് അരിപ്പൊടിയും, രണ്ട് ടേബിൾസ്പൂൺ കടലമാവും, ഒന്നര ടീസ്പൂൺ ഉപ്പും, ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കാം. ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ എള്ള് കൂടി ചേർക്കാം. ഉപ്പില്ലാത്ത വെണ്ണ ഇതിലേയ്ക്ക് ചേർത്ത് കൈകൾ ഉപയോഗിച്ച് നന്നായി ഇളക്കിയെടുക്കാം. ക്രമേണ കുറച്ചു വീതം വെള്ളം കൂടി ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. കുഴച്ച് മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയിലെടുക്കാം. ചൂടായ എണ്ണയിലേയ്ക്ക് മാവ് പിഴിഞ്ഞൊഴിച്ച് മുറുക്കിൻ്റെ ആകൃതിയിലാക്കാം.
നന്നായി വെന്തതിനു ശേഷം മുറുക്ക് ഒരു ടിഷ്യൂ പേപ്പറിലേയ്ക്കു മാറ്റാം. ഇത് അധികമായ എണ്ണ നീക്കം ചെയ്യാൻ സഹായിക്കും. ശേഷം ഈർപ്പം കടക്കാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി ആവശ്യാനുസരണം കഴിക്കാം.
















